എസ്എസ്എൽസി പരീക്ഷയ്ക്ക് തുടക്കമായി. യുഎഇയിൽ 7 കേന്ദ്രങ്ങളിലായി വിദേശികൾ അടക്കം 533 റഗുലർ വിദ്യാർഥികളും 2 പ്രൈവറ്റ് വിദ്യാർഥികളും ഉൾപ്പെടെ 535 പേരാണ് പരീക്ഷ എഴുതുന്നത്.
മലയാളം/അഡീഷണൽ ഇംഗ്ലിഷ് പരീക്ഷയാണ് ഇന്നു നടന്നത്. നാട്ടിലെ പരീക്ഷാ സമയത്തിന് ആനുപാതികമായി കൂൾ ഓഫ് ടൈം ഉൾപ്പെടെ യുഎഇ സമയം രാവിലെ 8 മുതൽ 10.45 വരെയാണ് എസ്എസ്എൽസി പരീക്ഷാ നടന്നത്.
യുഎഇയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ (113) പരീക്ഷ എഴുതുന്നത് അബുദാബി മോഡൽ സ്കൂളിലാണ്. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 109, ദുബായ് ഗൾഫ് മോഡൽ സ്കൂൾ 85+2 (പ്രൈവറ്റ്), ഫുജൈറ ഇന്ത്യൻ സ്കൂൾ 84, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ 57, റാസൽഖൈമ ന്യൂ ഇന്ത്യൻ സ്കൂൾ 44, ഉമ്മുൽഖുവൈൻ ദ് ഇംഗ്ലിഷ് സ്കൂൾ 41 എന്നിങ്ങനെയാണ് പരീക്ഷ എഴുതുന്നവരുടെ എണ്ണം.