വിശുദ്ധ റമദാൻ മാസത്തിൽ ദുബായിലെ എയർപോട്ടുകൾ വഴിയും തുറമുഖങ്ങൾ വഴിയും എത്തുന്ന സന്ദർശകർക്ക് പാസ്പോർട്ടുകളിൽ #RamadaninDubai എന്നടയാളപ്പെടുത്തുന്ന പ്രത്യേക സ്റ്റാമ്പുകൾ. കൂടാതെ സന്ദർശകർക്ക് അവരുടെ താമസ സമയത്ത് തടസ്സങ്ങളില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നതിന് വേണ്ടി ഡു ടെലികോമുമായി സഹകരിച്ച് കോംപ്ലിമെന്ററി സിം കാർഡുകളും ഇപ്പോൾ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിതരണം ചെയ്യുന്നുണ്ടെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) അറിയിച്ചു.
മാത്രമല്ല, സന്ദർശകർക്ക് ഒരു QR കോഡും ഇതിനോടൊപ്പം ലഭിക്കുന്നുണ്ട്. ഈ QR കോഡിലൂടെ ബ്രാൻഡ് ദുബായുടെ #DubaiDestinations ഗൈഡ് ‘റമദാൻ ഇവന്റുകൾ ഇൻ ദുബായ് ‘ എന്ന തലക്കെട്ടിൽ ആക്സസ് ചെയ്യാൻ സാധിക്കും. #RamadanInDubai ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ സംരംഭങ്ങൾ ആരംഭിച്ചത്.
ബ്രാൻഡ് ദുബായ് നടപ്പിലാക്കുന്ന ക്യാമ്പെയ്ൻ നഗരത്തിലുടനീളമുള്ള ആളുകളിലേക്ക് റമദാൻ ആഘോഷങ്ങളുടെ പ്രകമ്പനവും സന്തോഷവും എത്തിക്കുന്നതിന് വേണ്ടി ദുബായിലെ 20-ലധികം സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. അതേസമയം #RamadanInDubai ക്യാമ്പെയ്‌നിന്റെ ഭാഗമായി സന്ദർശകർക്ക് അവിസ്മ്‌മരണീയമായ അനുഭവങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള ജിഡിആർഎഫ്എയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭങ്ങൾ ആരംഭിക്കുന്നതെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു.