ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായുള്ള പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
സന്ദർശകരുടെ എണ്ണം 600 ശതമാനം വർധിപ്പിച്ച് 2040-ഓടെ 3 ദശലക്ഷത്തിലധികം സന്ദർശകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണ് പദ്ധതിയെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദുബായിലെ ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായി 37 പദ്ധതികളും അംഗീകരിച്ചതായി ഷെയ്ഖ് ഹംദാൻ പറഞ്ഞു. 390 മില്യൺ ദിർഹം ചെലവ് വരുന്നതാണ് പദ്ധതികൾ.
ജീവിത നിലവാരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി ദുബായിയെ നിലനിർത്തുന്നതിനായും പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഉയർന്ന തലത്തിലുള്ള ക്ഷേമം ഉറപ്പാക്കുന്നതിനുമായി വരും കാലങ്ങളിലും ഇത്തരം വികസന പദ്ധതികൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.