സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മ്ലീഹ മേഖലയിലെ ഗോതമ്പ് ഫാം സന്ദർശിച്ച് കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി.
ജലസംരക്ഷണത്തിനായി രൂപകൽപ്പന ചെയ്ത അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്ന പ്രക്രിയകളും ഗോതമ്പ് വിളകളുടെ ജലസേചനവും ഷെയ്ഖ് സുൽത്താൻ നിരീക്ഷിച്ചു. ഗ്രൗണ്ട് സെൻസറുകൾ ഉപയോഗിച്ച് ഈർപ്പം അളന്ന് അത്യാധുനിക രീതിയിലാണ് കൃഷി പുരോഗമിക്കുന്നത്. ഗോതമ്പ് ഫാം പ്രവർത്തനം ആരംഭിച്ച് രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സന്ദർശനം.
ജൈവപരവും ഉയർന്ന പ്രോട്ടീനുള്ളതുമായ ഗോതമ്പ് വിളകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഷാർജ ഭരണാധികാരി നിർദ്ദേശിച്ച ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഒരു പുതിയ ഘട്ടമാണ് ഇവിടെ വിജയകരമായ രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുന്നത്. 24,000 ടൺ ജൈവ വളമാണ് ഇവിടെ ഉപയോഗിക്കുന്നത്. കൂടാതെ ഗോതമ്പ് വിളയുടെ വളർച്ചാ ഘട്ടത്തിന് അനുസൃതമായി, നടീലിനുശേഷം വ്യത്യസ്ത ജൈവ വളങ്ങൾ ഉപയോഗിക്കുന്നുണ്ട്. 48,000 ക്യുബിക് മീറ്റർ ശേഷിയുള്ള ഒരു ജലസേചന കുളം, മണിക്കൂറിൽ 430 ക്യുബിക് മീറ്റർ വെള്ളം പമ്പ് ചെയ്യാൻ ശേഷിയുള്ള ഒൻപത് പമ്പുകളും ഇവിടെയുണ്ട് . സന്ദർശന വേളയിൽ ഷെയ്ഖ് സുൽത്താനോടൊപ്പം ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസും നിരവധി ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഷാർജയിൽ 500 ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പത്തിൽ 400 ഹെക്ടറിലാണ് ഗോതമ്പ് കൃഷി വ്യാപിച്ചു കിടക്കുന്നത്. ഷാർജയിലെയും യു.എ.ഇയിലെയും പ്രാദേശിക വിപണിയിലേക്കാണ് വിളവെടുത്ത ഗോതമ്പ് എത്തുക. കീടനാശിനികളോ രാസവസ്തുക്കളോ ജനിതകമാറ്റം വരുത്തിയ വിത്തുകളോ ഉപയോഗിക്കാതെയാണ് കൃഷി ചെയ്തിരിക്കുന്നത്.