ഈ വർഷം ഇതുവരെ 260 തൊഴിൽ തട്ടിപ്പുകൾ രജിസ്റ്റർ ചെയ്തതായി ഷാർജ പൊലീസ്. സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താനും നിരവധി പേരെ അറസ്റ്റ് ചെയ്യാനും വൻതുക കണ്ടെടുക്കാനും കഴിഞ്ഞെന്നും റിപ്പോർട്ട്.
പണം കൈപ്പറ്റി റിക്രൂട്ട്മെൻ്റ് നടത്തുന്നതിനും തൊഴിൽ വാഗ്ദാനം ചെയ്യുന്നതിനും അനുമതി ഇല്ല. എന്നാൽ ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ക്രിമിനൽ ആൻഡ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ഒമർ അഹമ്മദ് അബു അൽ സൂദ് പറഞ്ഞു.
അതേസമയം കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ കുറ്റകൃത്യങ്ങളിൽ എഴുപത് ശതമാനത്തിൻ്റെ വർധനവുണ്ടായതായും പോലീസ് പറഞ്ഞു. 18 നും 50 നും ഇടയിൽ പ്രായമുള്ളവരാണ് സൈബർ കുറ്റകൃത്യങ്ങൾക്ക് കൂടുതലായി ഇരയാകുന്നത്. എന്നാൽ മിക്ക ഇൻ്റർനെറ്റ് ഉപയോക്താക്കളും അവരുടെ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയ വൈബ് സൈറ്റുകൾക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും സോഷ്യൽ മീഡിയ ദുരുപയോഗം തടയുന്നതിനും ബ്ലാക്ക്‌മെയിൽ ഒഴിവാക്കുന്നതിനും ഷാർജ പോലീസിൻ്റെ ഓൺലൈൻ പട്രോളിംഗ് രാപ്പകൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതായും പൊലീസ് വ്യക്തമാക്കി.