ഖോർഫക്കാനിലെ ഒരു സ്വർണ്ണക്കടയിൽ വൻകവർച്ച. സ്വർണവുമായി രാജ്യം വിടാൻ ശ്രമം നടത്തിയ കൊള്ള സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ ഷാർജ പോലീസ് പിടികൂടി. 800,000 ദിർഹത്തിന്റെ ആഭരണങ്ങളാണ് സംഘം കവർന്നത്. കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയായിരുന്നു സംഘം കവർച്ച നടത്തിയത്.
വിവരം ലഭിച്ചയുടൻ തന്നെ ഷാർജ പോലീസ് ഓപ്പറേഷൻസ് കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കുതിച്ചു. തെളിവെടുപ്പിനും അന്വേഷണത്തിനും ഒരു പ്രത്യേക സംഘത്തെയാണ് പോലീസ് രൂപീകരിച്ചത്. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കവർച്ച നടത്തിയ സംഘത്തിലെ അംഗങ്ങളെ പോലീസ് കണ്ടെത്തി.
മോഷ്ടിച്ച ആഭരണങ്ങൾ തൊട്ടടുത്ത ദിവസം രാവിലെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുകയായിരുന്നു സംഘം. രാജ്യം വിടാൻ ഒരുങ്ങിയ ഇവർ തുറമുഖത്ത് ഷിപ്പിംഗ് കണ്ടെയ്നറിൽ എത്തിയപ്പോഴാണ് പോലീസ് ഇവരെ പിടികൂടിയത്. നിലവിൽ സംഘാംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. നിയമനടപടികൾക്കായി കേസ് പ്രോസിക്യൂഷന് കൈമാറി.
അതേസമയം ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടിക്കണ്ട് വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾ അവരുടെ സ്റ്റോറുകൾ സുരക്ഷിതമാക്കണം. മാത്രമല്ല, സ്ഥാപനങ്ങളിൽ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാനും ഷാർജ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ 999 എന്ന എമർജൻസി നമ്പർ ഉപയോഗിക്കാൻ മടിക്കരുതെന്ന് വ്യക്തികളോടും ഉടമകളോടും പോലീസ് അഭ്യർത്ഥിക്കുകയും ചെയ്തു.