പതിനഞ്ചാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന് ഒരുദിവസംമാത്രം ബാക്കി. ബുധനാഴ്ച ആരംഭിക്കുന്ന മേള വൺസ് അപോൺ എ ഹീറോ എന്ന പ്രമേയത്തിലാണ് നടക്കുന്നത്. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന മേള മെയ് 12 വരെ നീളും. ഷാർജ എക്സ്പോ സെൻ്ററിലാണ് വായനോത്സവം നടക്കുന്നത്.
ഷാർജ ആനിമേഷൻ കോൺഫറൻസിൻ്റെ രണ്ടാം പതിപ്പും മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ലോക പ്രശസ്തരായ ആനിമേറ്റർമാരും കലാകാരന്‍മാരും പങ്കെടുക്കും. എഴുത്തുകാരേയും ചിന്തകരേയും ആനിമേറ്റർമാരേയും ഒരേ വേദിയിൽ എത്തിക്കുന്ന ആദ്യ സംരഭമാണിത്. മെയ് 5 വരെയാണ് ആനിമേഷൻ കോൺഫറൻസ് നടക്കുക.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിയുടെ പിന്തുണയോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഫാമിലി അഫയേഴ്സ് സുപ്രീം കൗൺസിൽ ചെയർപേഴ്സൻ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി രക്ഷകർതൃത്വം വഹിക്കും.
വായനോത്സവത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പുസ്തക വിൽപനക്കാരുടെ സമ്മേളനം നടന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുസ്തക വിൽപ്പനക്കാരും വിതരണക്കാരും പ്രസാധകരുമാണ് സംബന്ധിച്ചത്. മേളയിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 190 എഴുത്തുകാരും 75 രാജ്യങ്ങളിൽ നിന്നുള്ള 470 പ്രസാധകരും പങ്കെടുക്കും. 1,400 കലാ സാംസ്കാരിക വിനോദ പരിപാടികളും പ്രത്യേകതയാണ്.