ഇനി ദുബായിൽ നിന്ന് ഷാർജയിലേക്ക് 8 മിനിറ്റ് യാത്ര കുറയും. ഇതിനായി പുതിയ റോഡ് വികസന പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). 374 ദശലക്ഷം ദിർഹം ബജറ്റിലാണ് പദ്ധതി നടപ്പിലാക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും നിർദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വഴി ഖിസൈസിന്റെയും ഷാർജയുടെയും ഭാഗത്തേക്കുള്ള യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയ്ക്കുന്ന ഗാർൺ അൽ സബ്ഖ സ്ട്രീറ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ ഇംപ്രൂവ്മെന്റ് പദ്ധതിക്കാണ് ആർടിഎ കരാർ നൽകിയത്. ഇതോടെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് വലത്തോട്ട് അൽ യലായിസ് റോഡിലേക്കുള്ള വാഹനങ്ങളുടെ യാത്രാ സമയം 21 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി കുറയ്ക്കുകയും ചെയ്യും. മണിക്കൂറിൽ 17,600 വാഹനങ്ങൾ വഹിക്കാൻ ശേഷിയുള്ള 3000 മീറ്റർ നീളമുള്ള നാല് പാലങ്ങളുടെ നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗാർൺ അൽ സബ് സ്ട്രീറ്റ് കോറിഡോർ വികസിപ്പിക്കുന്നതിനുള്ള വലിയ സംരംഭത്തിന്റെ ഭാഗമായ പദ്ധതി ഷെയ്ഖ് സായിദ് റോഡിനെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും ബന്ധിപ്പിക്കുന്നുണ്ട്. 7 കിലോമീറ്റർ റോഡ് വർക്ക്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമാന്തരമായി പ്രവർത്തിക്കുന്ന സർവീസ് റോഡിലെ ഇന്റർസെക്ഷൻ, തെരുവ് വിളക്കുകൾ, ട്രാഫിക് സിഗ്നലുകൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള ശൃംഖലകൾ, ജലസേചന സംവിധാന ശൃംഖലകൾ എന്നിവയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്.