ദുബായിൽ മൊബൈൽ ആപ്പ് വഴി മിനിബസിൽ സീറ്റ് ബുക്ക് ചെയ്ത് ഇനി യാത്ര ചെയ്യാം. റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. മൊബൈൽ ആപ്പ് ഉപയോഗിച്ച് യാത്രക്കാർക്ക് സീറ്റ് ബുക്ക് ചെയ്യാവുന്ന ബസ് പൂളിങ് സംവിധാനമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
ഇതിനായി മൂന്ന് കമ്പനികൾക്കാണ് ആർടിഎ അംഗീകാരം നൽകിയത്. സിറ്റിലിങ്ക് ഷട്ടിൽ, ഡ്രിവൻബസ്, ഫ്ലക്സ് ഡെയിലി എന്നീ കമ്പനികളുടെ ആപ്പ് വഴിയാണ് മിനിബസുകളിൽ സീറ്റ് ബുക്ക് ചെയ്യാൻ പൊതുജനങ്ങൾക്ക് സാധിക്കുക. തുടക്കത്തിൽ ദേരയിൽ നിന്ന് ബിസിനസ് ബേ, ദുബായ് മാൾ, മിർദിഫ്, ദുബായ് ഫെസ്റ്റിവെൽ സിറ്റി തുടങ്ങിയ സെൻട്രൽ ഡിസ്ട്രിക്ടിക് മേഖലയിലേക്കാണ് ഈ ബസുകൾ സർവ്വീസ് നടത്തുക.
പൊതുബസ് സർവീസുകളിൽ നിന്ന് വ്യത്യസ്‌തമായി ഈ ബസുകൾക്ക് നിശ്ചിതറൂട്ടുകളുണ്ടാവില്ല. ഓൺ ഡിമാൻഡ് അടിസ്ഥാനത്തിൽ യാത്രക്കാർ സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ചായിരിക്കും ബസിലെ നിരക്ക് നിശ്ചയിക്കുക. 13 മുതൽ 30 വരെ യാത്രക്കാർക്ക് കയറാവുന്ന മിനിബസുകളാണ് ആർ.ടി.എ ഈ സർവീസിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ 20 മിനിബസുകൾ നിരത്തിലിറക്കും.