ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ.) ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ബസ് ഓൺ ഡിമാൻഡ് പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ബിസിനസ് ബേ മെട്രോ സ്റ്റേഷനിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ സൗകര്യമൊരുക്കും. ഒരുമാസത്തെ വിജയകരമായ പരീക്ഷണയോട്ടത്തെ തുടർന്നാണ് നഗരത്തിൽ കൂടുതൽ മേഖലകളിലേക്ക് സേവനം എത്തിക്കുന്നത്.
ദുബായിൽ ഒട്ടേറെ കോർപ്പറേറ്റ് ഓഫീസുകളും ബിസിനസ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്ന പ്രധാനയിടമാണ് ബിസിനസ് ബേ. കൂടാതെ മെട്രോ, ട്രാം സ്റ്റേഷനുകളും ബിസിനസ് ബേയ്ക്ക് സമീപമായുണ്ട്. അതുകൊണ്ടുതന്നെ ബസ് ഓൺ ഡിമാൻഡ് സേവനത്തിന് ഇവിടെവലിയ സ്വീകാര്യതയാണ് പ്രതീക്ഷിക്കുന്നത്.
“ബസ് ഓൺ ഡിമാൻഡ്’ സർവീസ് ബിസിനസ് ബേയിലേക്ക് നീട്ടാനുള്ള തീരുമാനം, ഗതാഗത ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനും സുപ്രധാന മേഖലകളിലെ തിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നുവെന്ന് ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്ടർ അദേൽ ഷാക്രി പറഞ്ഞു. അൽ ബർഷ, അൽ നാഹ്ദ, ദുബായ് സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിലായിരുന്നു പരീക്ഷണയോട്ടം പൂർത്തിയാക്കിയത്. സ്മാർട്ട് സംവിധാനത്തിലൂടെയാണ് ബസ് ഓൺ ഡിമാൻഡ് പ്രവർത്തിക്കുന്നത്. സ്മാർട്ട് ആപ്പ് വഴി വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മിനി പബ്ലിക് ബസുകൾ ഉപയോഗിച്ചാണ് സേവനം നടപ്പാക്കുന്നതെന്നും അദേൽ ഷാക്രി വ്യക്തമാക്കി. ആപ്പിൾ സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിൽ ലഭ്യമാകുന്ന ദുബായ് ബസ് ഓൺ ഡിമാൻഡ് ആപ്പ് വഴി സേവനംലഭ്യമാണ്. 14 സീറ്റുകൾവീതമാണ് ഓരോബസിലുമുള്ളത്.