ദുബായിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ ഗതാഗതക്കുരുക്ക് 30 ശതമാനം കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ട്. ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർടിഎ) റിപ്പോർട്ട് പുറത്തുവിട്ടത്.
ദുബായ് ആർടിഎയും ദുബായ് ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്‌മെന്റും ചേർന്ന് നടത്തിയ സർവേകളിലാണ് ഈ കണ്ടെത്തൽ. 2 മണിക്കൂർ വ്യത്യാസത്തിൽ ജീവനക്കാരുടെ ജോലി സമയം ക്രമീകരിച്ചും മാസത്തിൽ നാലോ അഞ്ചോ ദിവസം വിദൂര ജോലിക്ക് അവസരം നൽകിയും ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എമിറേറ്റിലെ 58 ശതമാനം കമ്പനികൾ വിദൂര ജോലി വിപുലീകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ദുബായിലെ 20 ശതമാനം ജീവനക്കാർ ഒരു ദിവസം വിദൂര ജോലി ചെയ്യുകയാണെങ്കിൽ ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്ക് 9.8 ശതമാനവും അൽ ഖൈൽ റോഡിൽ 8.4 ശതമാനവും കുറയുമെന്നും ഫ്ലെക്സിബിൾ ജോലി ഏർപ്പെടുത്തിയാൽ ഇത് യഥാക്രമം 5.7 ശതമാനം, 5 ശതമാനം കുറയ്ക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.