സാമൂഹ്യ മാധ്യമങ്ങളിലെ റീലുകൾളിലും വൈറൽ വീഡിയോകളിലും മുഴുകുന്ന യുവജനങ്ങൾക്കിടയിൽ ദൈനംദിന വായന പ്രോത്സാഹിപ്പിക്കുന്ന നീക്കവുമായി അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് രംഗത്ത്. വകുപ്പിലെ ലൈബ്രറി മാനേജ്മെൻ്റ് വിഭാഗമായ മക്തബയാണ് സംഘാടകർ.
’31 ഉപന്യാസങ്ങൾ… 31 ദിവസങ്ങൾ’ എന്നപേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വായന മാസത്തോട് അനുബന്ധിച്ച് മാർച്ച് മുഴുവൻ പരിപാടി നീണ്ടു നിൽക്കും. സാഹിത്യപരവും ശാസ്ത്രപരവുമായ വിഷയങ്ങളിൽ 31 പുസ്തകങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നുമുള്ള ഉദ്ധരണികൾ വായിക്കാൻ മുതിർന്നവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.
കവിത, നോവലുകൾ, ശാസ്ത്രം, ചരിത്രം എന്നിവ ഉൾക്കൊള്ളുന്ന പ്രാദേശിക, അറബ്, അന്തർദേശീയ സാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി പുസ്തകങ്ങൾ ലഭ്യമാണ്. ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമായ തിരഞ്ഞെടുത്ത വാചകങ്ങൾ എല്ലാ ദിവസവും മക്തബയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ അറിയിക്കും. മക്തബയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വഴി പരിപാടിയുടെ വിശദവിവരങ്ങൾ ലഭ്യമാണ്.