യുഎഇയിൽ രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം. ഞായറാഴ്ചവരെ മൂടൽമഞ്ഞും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂടുതൽ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. തീരപ്രദേശങ്ങളിലും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും കൂടുതൽ മഴയുണ്ടാകും.
തിങ്കളാഴ്ച മുതല്‍ രാജ്യത്ത് മഴുയുടെ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. മഴയ്ക്ക് പുറമെ ആലിപ്പഴ വര്‍ഷവും , ഇടിമിന്നലും ഉണ്ടായി. മഴക്കെടുതികളെ നേരിടാന്‍ രാജ്യം വിപുലാമായ മുന്നൊരുക്കമാണ് സ്വീകരിച്ചത്. അബുദാബി പോലീസ് കമാൻഡർ-ഇൻ-ചീഫ് ഫാരെസ് അൽ മസ്റൂയിയാണ് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ അധ്യക്ഷൻ. വിവിധ എമിറേറ്റുകളില്‍ കാലാവസ്ഥാ പ്രതികരണ പദ്ധതികൾ സംബന്ധിച്ച യോഗവും ചേര്‍ന്നു.
ദുബായില്‍ പലഇടങ്ങളിലും കനത്ത മഴ തുടരുകയാണ്. പലഇടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ ഗതാഗതം നിലച്ചു. ചിലയിടങ്ങളില്‍ റോഡുകളും അടച്ചിട്ടതായും വാഹനങ്ങൾ വഴിതിരിച്ചുവിട്ടതായും ദുബായ് ഗതഗത വിഭാഗം വ്യക്തമാക്കി. മറാബ സെയ്റ്റിനും കഹ്റമാൻ സ്റ്റേറ്റിനും ഇടയിൽ അസയേൽ സ്ട്രീറ്റിലെ ഇരു ദിശകളിലെയും വഴി അടച്ചുവെന്ന് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ട്വീറ്റുചെയ്തു.
മലയോര മേഖലകൾ നിറഞ്ഞ റാസല്‍ഖൈമയിലും ഫുജേറയിലും പ്രത്യേക ജാഗ്രത തുടരുകയാണ്. വാഹനയാത്രക്കാര്‍ സൂക്ഷിക്കണമെന്നും പ്രത്യേക മുന്നറിയിപ്പുണ്ട്. ചില സ്കൂളുകൾ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകൾക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ക്ലൗഡ് സീഡിംഗ് ഇരട്ടിയാക്കിയതോടെ യുഎഇയില്‍ മഴയുടെ അളവ് വര്‍ദ്ധിച്ചു. പ്രതിവർഷം ശരാശരി 100 മില്ലിമീറ്റർ മഴ എന്നതില്‍ 25 ശതമാനം അധിക മഴ ലഭ്യമാകുന്നുണ്ട്. എന്നാല്‍ 2022 ജൂലൈയില്‍ ഉണ്ടായ വെളളപ്പൊക്കത്തിന് സമാനമായ മഴയല്ല ഇപ്പോഴുളളത്.