യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത വിസാ അപേക്ഷകൾ നിരസിക്കപ്പെടുന്നതായാണ് റിപ്പോർട്ട്.
വിസിറ്റ് വിസയിൽ വരുന്നവർക്ക് മടക്കയാത്ര ടിക്കറ്റും താമസരേഖകളും നേരത്തേ നിർബന്ധമാക്കിയിരുന്നു. പക്ഷേ, വിസക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ ഈ രേഖകൾ സമർപ്പിക്കേണ്ടതില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ക്യൂആർ കോഡുള്ള മടക്കയാത്രാ ടിക്കറ്റും ക്യൂആർ കോഡുള്ള ഹോട്ടൽ ബുക്കിങ് രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കാൻ നിർദേശമുണ്ടെന്നാണ് ട്രാവൽ ആന്റ് ടൂറിസം രംഗത്തുള്ളവർ വ്യക്തമാക്കുന്നത്.
ഇതോടെ വിവിധ ആവശ്യങ്ങൾക്കായി വിസിറ്റ് വിസയിൽ യുഎഇയിലേക്ക് വരുന്ന നിരവധി പേരുടെ യാത്ര ഇതോടെ പരുങ്ങലിലാകും. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവന്നിട്ടില്ല. എന്നാൽ പുതിയ ചട്ടം പാലിക്കാത്ത അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.