ദുബായിലെ താമസക്കാർക്കിടയിൽ പൂന്തോട്ട പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിന് സമ്മാന പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്ത്. പുന്തോട്ട മത്സരത്തില്‍ ആദ്യ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് അരലക്ഷം ദിര്‍ഹം സമ്മാനമാണ് പ്രഖ്യാപിച്ചത്. ഒന്നാം സ്ഥാനം നേടുന്നവർക്ക് 50,000 ദിർഹം, രണ്ടാമതെത്തുന്നവർക്ക് 30,000, മൂന്നാം സ്ഥാനക്കാർക്ക് 20,000 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 28ന് മുമ്പ് ദുബൈ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴി പേര് രജിസ്റ്റർ ചെയ്യണം (www.dm.gov.ae). പിന്നീട് അധികൃതർ നിർദേശിക്കുന്ന നിശ്ചിത ദിവസത്തിനുള്ളിൽ പൂന്തോട്ടം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. ഏപ്രിലിലായിരിക്കും വിജയികളെ പ്രഖ്യാപിക്കുന്നത്. ഔട്ട്ഡോർ സ്ഥലങ്ങൾ സുസ്ഥിരമായി ഉപയോഗിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുകയാണ് മുനിസിപ്പാലിറ്റിയുടെ പ്രധാന ലക്ഷ്യം.
മത്സരിക്കുന്ന ആൾ താമസസ്ഥലത്തിന്റെ ഉടമയോ വാടകക്കാരനോ ദുബൈ റസിഡന്റോ ആയിരിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. വീടിനുമുന്നിലെ പൂന്തോട്ടത്തിന് ആർ.ടി.എയിൽനിന്ന് എൻ.ഒ.സി വാങ്ങിയിരിക്കണം. ജൂറി അംഗങ്ങൾക്ക് പൂന്തോട്ടങ്ങൾ സന്ദർശിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി പൂർണ്ണ സമ്മതം നൽകണമെന്നും സമൂഹ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലുമായി ചിത്രങ്ങൾ പങ്കുവയ്ക്കാന്‍ അനുമതി നല്‍കണമെന്നും വ്യവസ്ഥയുണ്ട്.
പൂന്തോട്ടത്തിന്റെ രൂപകൽപനയിൽ രാത്രി വെളിച്ചം നിർബന്ധമാണെന്നും അധികൃതര്‍ പറഞ്ഞു. ക്രിയാത്മകമായ ആശയങ്ങൾ, നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം, ശാസ്ത്രീയ രീതികൾ, സുസ്ഥിര ജലസേചന സംവിധാനം, ജലത്തിന്റെയും ഊർജത്തിന്റെയും പുനരുപയോഗം എന്നിവയും വിധി നിര്‍ണയത്തില്‍ പരിഗണിക്കും.