യുഎഇ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയി ലെഫ്റ്റനന്റ് ജനറൽ ഇസ അൽ മസ്‌റൂയിയെ നിയമിച്ചതായി പ്രസിഡന്റ് ശൈഖ് മുഹമ്മദിന്‍റെ ഉത്തരവ്. മുമ്പ് യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ലഫ്റ്റനന്റ് ജനറൽ അൽ മസ്റൂയി.
യുഎഇ പ്രസിഡന്റിന്റെ മന്ത്രി പദവിയുളള സൈനിക കാര്യ ഉപദേഷ്ടാവായി ഹമദ് അൽ റുമൈത്തിയേയും നിയമിച്ചു. ലഫ്റ്റനന്റ് ജനറൽ അൽ റുമൈതി മുമ്പ് യുഎഇ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരേതനായ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ കഴിഞ്ഞ വർഷം മേയിൽ ലെഫ്റ്റനന്റ് ജനറൽ അൽ റുമൈത്തിയെ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മിലിട്ടറി ഓർഡർ നൽകി ആദരിച്ചിരുന്നു. 1976 മെയ് 6 ന് യുഎഇയിലെ സായുധ സേനയെ ഏകീകരിക്കുന്നതിനുള്ള കരാർ ഒപ്പുവച്ച ചരിത്രപരമായ കെട്ടിടമായ അബു മുറൈഖയിൽ നടന്ന ചടങ്ങിലാണ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ലെഫ്റ്റനന്റ് ജനറൽ അൽ റുമൈത്തിക്ക് ബഹുമതി നൽകിയത്.