ട്രാഫിക് നിയമം പാലിച്ച് റോഡിലൂടെ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ അധികൃതർ പല ആവർത്തി മുന്നറിയിപ്പ് നൽകുന്നതാണ്. പ്രത്യേകിച്ച് മഞ്ഞ് മൂടിയ കാലാവസ്ഥകളിലും മഴക്കാലത്തും. ഇത്തവണ മഴ സമയത്ത് അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടർന്ന് ഷാർജ പോലീസ് 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ഡ്രൈവർമാർ അശ്രദ്ധമായി വണ്ടി ഓടിക്കുന്നതുമൂലം അവരുടെ ജീവനും മറ്റ് വാഹനയാത്രികർക്കും അപകടമുണ്ടാക്കിയതിനെ തുടർന്നാണ് വാഹനങ്ങൾ പിടികൂടിയതെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം അറിയിച്ചു.
നിയമ ലംഘകർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിൻ്റുകളും. വാഹനവും 60 ദിവസത്തേക്ക് കണ്ടുകെട്ടും. നിയമങ്ങളും ട്രാഫിക് നിയമങ്ങളും പാലിക്കാൻ ഡ്രൈവർമാരോട് അതോറിറ്റി വീണ്ടും അഭ്യർത്ഥിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിൽ അറിയിക്കണമെന്ന് ജനങ്ങളോടും അധികൃതർ ആവശ്യപ്പെട്ടു