പൊതുജനങ്ങൾക്ക് ഇന്ന് (നവംബർ 26) റാസൽഖൈമയിലെ സിറ്റി ബസുകളിൽ സൗജന്യ യാത്ര നടത്താം. ഗ്രീൻ മൊബിലിറ്റി വാരത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയാണ്(റക്ത) സിറ്റി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
പാരിസ്ഥിതിക വികസനത്തിനായി റാസൽഖൈമയുടെ ഗ്രീൻ മൊബിലിറ്റി സ്ട്രാറ്റജി 2023-2040നെ പിന്തുണച്ച് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും റക്തയുടെ നൂതനമായ പരിഹാരങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമായാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗ്രീൻ മൊബിലിറ്റി വാരം സംഘടിപ്പിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങൾ, സ്മാർട്ട് ബുക്കിങ് സേവനങ്ങൾ, പൊതുഗതാഗത പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ശിൽപശാലകളും പരിപാടിയിൽ അവതരിപ്പിക്കും.