ദുബായ് നഗരത്തിലെ പൊതുപാർക്കിങ് സംവിധാനം നിയന്ത്രിക്കുന്ന പാർക്കിൻ കമ്പനി 160 കോടി ദിർഹം സമാഹരിച്ച് റെക്കോഡ് പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ.) പൂർത്തിയാക്കി. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് അതോറിറ്റിയുടെ അംഗീകാരത്തോടെ 89.96 കോടി ഓഹരികളാണ് വിൽപ്പനയ്ക്കുണ്ടായിരുന്നത്. നേരത്തെ 74.97 കോടി ഓഹരികളായിരുന്നു റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റിവെച്ചിരുന്നത്.
165 മടങ്ങ് അധിക സബ്സ്ക്രിപ്ഷനും റീട്ടെയിൽ നിക്ഷേപകർ കൂടുതലായെത്തിയതും പരിഗണിച്ച് നിക്ഷേപകർക്ക് ലഭ്യമാക്കുന്ന ഓഹരികളുടെ എണ്ണം വർധിപ്പിച്ചിരുന്നു. ചെറുകിട നിക്ഷേപകർക്ക് ഈ മാസം 12 വരെയായിരുന്നു ഓഹരികൾ വാങ്ങാൻ അവസരം നൽകിയിരുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്ക് 13 വരെയും സമയം നൽകിയിരുന്നു. 24.99 ശതമാനം ഓഹരികളാണ് ഐ.പി.ഒ. വഴി ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിലെത്തുക.
ദുബായിലെ റോഡ് ടോൾ പിരിക്കുന്ന സംവിധാനമായ സാലിക്കിനും ദുബായ് ടാക്സി കോർപറേഷനും പിന്നാലെയാണ് പാർക്കിൻ കമ്പനിയുടെ ഓഹരികളും വിൽപനക്കുവെച്ചത്. ഈവർഷം ജനുവരിയിലാണ് പബ്ലിക് ജോയൻറ് സ്റ്റോക് കമ്പനിയായി ‘പാർക്കിൻ’ സ്ഥാപിതമായത്. 2024ൽ യു.എ.ഇ ഖ്യാപിക്കപ്പെടുന്ന ആദ്യ ഐ.പി.ഒ പാർക്കിൻ കമ്പനിയുടേതാണ്. മാർച്ച് 21ന് കമ്പനി ഓഹരികൾ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തുതുടങ്ങും.