പുതുവത്സര രാവിൽ ദുബായ് ബുർജ് ഖലീഫയിലെ കരിമരുന്ന് പ്രകടനം കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ടിക്കറ്റ് നിരക്ക് 150 ശതമാനം വർധിപ്പിച്ചിട്ടുണ്ട്.
മുതിർന്നവർക്ക് 580 ദിർഹവും 5 വയസിന് മുകളിലുള്ള കുട്ടികൾക്ക് 370 ദിർഹവുമാണ് ബുർജ് പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്കുകൾ. ഒക്ടോബർ 24 മുതൽ ടിക്കറ്റുകൾ ലഭ്യമായിത്തുടങ്ങും. ടിക്കറ്റുകളിൽ ഭക്ഷണ – പാനീയ വൗച്ചറും ഉൾപ്പെടുന്നുണ്ട്.
കഴിഞ്ഞ വർഷമാണ് ബുർജ് ഖലീഫയിലെ പുതുവത്സര രാവ് ആസ്വദിക്കുന്നതിനായി സംഘാടകർ പൊതുജനങ്ങൾക്കായി പണമടച്ചുള്ള ടിക്കറ്റുകൾ ആദ്യമായി അവതരിപ്പിച്ചത്. മുതിർന്നവർക്ക് 300 ദിർഹവും കുട്ടികൾക്ക് 150 ദിർഹവുമായിരുന്നു അന്ന് ടിക്കറ്റ് നിരക്ക്.