2025 ജനുവരി ഒന്നുമുതൽ ദുബായിലെ മൂന്ന് ജനപ്രിയ മാളുകളിൽ പണമടച്ചുള്ള പാർക്കിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനം. മാൾ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മിർദിഫ് എന്നിവിടങ്ങളിലാണ് പെയ്ഡ് പാർക്കിങ് സംവിധാനം നിലവിൽ വരിക. തടസ്സമില്ലാത്ത പാർക്കിങ് സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ദുബായിലെ പൊതു പാർക്കിങ് ഓപ്പറേറ്ററായ പാർക്കിൻ കമ്പനി, ഡെവലപ്പർ മാജിദ് അൽ ഫുത്തൈം പ്രോപ്പർട്ടീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ച് വർഷത്തെ കരാർ പ്രകാരം മാൾ പാർക്കിങ് ഫീസ് മാറ്റമില്ലാതെ തുടരുമെന്ന് പാർക്കിൻ കമ്പനി വ്യക്തമാക്കി. പാർക്കിങിന് സാങ്കേതിക സഹായം ഉപയോഗിക്കുന്നതിലൂടെ ലോട്ടുകളിൽ പ്രവേശിക്കുമ്പോഴോ പുറത്തുകടക്കുമ്പോഴോ സന്ദർശകർക്ക് കാത്തിരിപ്പ് ഒഴിവാക്കാനാകും.
വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകൾ നൂതന കാമറകൾ ഉപയോഗിച്ച് സ്കാൻ ചെയ്താണ് ലോട്ടുകളും സമയവും ട്രാക്ക് ചെയ്യുന്നത്. പിന്നീട് ഡ്രൈവറിന് എസ്എംഎസ് വഴിയോ പാർക്കിൻ ആപ്പ് വഴിയോ അലേർട്ട് ലഭിക്കും. സന്ദർശകർക്ക് ഏതെങ്കിലും ചാർജുകൾ തീർപ്പാക്കാൻ ആപ്പോ പാർക്കിൻ വെബ്സൈറ്റോ ഉപയോഗിക്കാനാകും.
ആകെ 21,000 പാർക്കിങ് സ്ഥലങ്ങളാണ് ഈ മാളുകളിൽ ഉളളത്. പ്രതിവർഷം 20 ദശലക്ഷത്തിലധികം കാറുകൾക്ക് മാൾ ആക്സസ് സുഗമമാക്കുമെന്നാണ് പ്രതീക്ഷ. ദുബായ് മാളിൽ പണമടച്ചുള്ള പാർക്കിംഗ് സേവനം നിലവിൽ വന്നതിന് പിന്നാലെയാണ് ദുബായിലെ മൂന്ന് മാളുകളിൽ കൂടി പദ്ധതി നടപ്പാക്കുന്നത്.