ദുബായിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തുന്ന പൊതുഗതാഗത സംവിധാനമായി മെട്രോയുടെ ടിക്കറ്റ് മിഷനുകൾ പരിഷ്കരിച്ച് പൊതുഗതാഗത വകുപ്പായ ആർടിഎ. നോൽ കാർഡിലെ ഡിജിറ്റൽ ഇടപാടുകൾ 20 ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. മിഷനുകളുടെ പരിഷ്കരണത്തോടെ ഇടപാടുകളിൽ 40 ശതമാനം സമയലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഡിജിറ്റൽ പേമെൻ്റിന് പുറമെ കറൻസി നോട്ടുകളും ചില്ലറയും പുതിയ മിഷനിൽ ഉപയോഗിക്കാനാകും. പേമെൻ്റിൻ്റെ ബാക്കി നോട്ടുകളായോ നാണയങ്ങളായോ തിരികെയും ലഭ്യമാകും. ആർടിഎയുടെ കീഴിലുളള 262 മെഷീനുകളിൽ 165 എണ്ണത്തിൻ്റെ നവീകരണമാണ് ഇതിനകം പൂർത്തിയായത്. റെഡ് ലൈനിലേയും ഗ്രീൻ ലൈനിലേയും മിഷനുകളിൽ പരിഷ്കരണം നടത്തിയെന്ന് ആർടിഎ അറിയിച്ചു.
ദുബായിൽ താമസക്കാരുടെയും സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്താനാണ് പുതിയ പരിഷ്കരണമെന്നും ആർ.ടി.എ.റെയിൽ ഏജൻസി ഓപറേഷൻസ് ഡയറക്ടർ ഹസൻ അൽ മുതവ്വ വ്യക്തമാക്കി.