വിസാ സേവനങ്ങൾ സുഗമമാക്കുന്നതിനായി പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ച് ദുബായ് എമിഗ്രേഷൻ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്). വിസ പുതുക്കാനും പുതിയതിന് അപേക്ഷിക്കാനും ആപ്പിലൂടെ സാധിക്കും. GDRFA DXB എന്ന് തിരഞ്ഞാൽ ആപ്പ് സ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാം.
വിസ പുതുക്കുന്നതിനു പുറമെ ന്യൂ എൻട്രി പെർമിറ്റ് റസിഡൻസി, നവജാത ശിശുക്കൾക്കുള്ള റസിഡൻസ് വിസ തുടങ്ങിയവയ്ക്ക് അപേക്ഷിക്കാനും ഇതുവഴി സാധിക്കും. വിസ നിയമലംഘനങ്ങൾക്ക് വിധേയമായി ലഭിച്ച പിഴ ഒടുക്കാനും ഈ ആപ്പിലൂടെ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ വിസ നടപടികൾ പരിശോധിക്കുവാനും സാധിക്കുന്നതാണ്.
ജിഡിആർഎഫ്എയുടെ സ്മാർട്ട് അപ്ലിക്കേഷനുകളാണ് നിലവിൽ ഇത്തരം സേവനങ്ങൾ ലഭ്യമാക്കുന്നത്. എന്നാൽ ഇതിലും വേഗത്തിൽ ഉപയോക്താക്കൾക്ക് സേവനം ലഭ്യമാകുന്നു എന്നതാണ് പുതിയ ആപ്ലിക്കേഷന്റെ സവിശേഷത. കൂടാതെ അധ്വാനവും സമയവും ഉപയോക്താക്കൾക്ക് ലാഭിക്കാമെന്നും ആപ്പിലൂടെ മറ്റ് കൂടുതൽ സേവനങ്ങളും ഉടൻ ലഭ്യമാക്കുമെന്നും ദുബായ് എമിഗ്രേഷൻ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.