ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് പുതിയ പേയ്‌മെൻ്റ് കാർഡ് അവതരിപ്പിച്ചത്. യുഎഇ വിപണിയിൽ ഇന്ത്യയുടെ ഡിജിറ്റൽ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് സ്റ്റാക്കിലാണ് ജയ്‌വാൻ നിർമ്മിച്ചിരിക്കുന്നത്. യു.എ.ഇയുടെ ജയ്‌വാൻ, ഇന്ത്യയുടെ റുപേ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ പരസ്‌പരം ബന്ധിപ്പിക്കുന്നത് സാമ്പത്തിക മേഖലയിലെ സഹകരണം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പാണ്. ഇത് യു.എ.ഇയിലുടനീളം റുപേ കാർഡിനുള്ള സ്വീകാര്യത വർദ്ധിപ്പിക്കും. പണമിടപാട് എളുപ്പമാകും.
ജയ്‌വാനുമായി നടത്തുന്ന ഇടപാടുകൾ യു.എ.ഇ ദിർഹമാണ്, അതുവഴി അന്താരാഷ്ട്ര ഇടപാടുകൾക്ക് റുപേ ഉപയോഗിക്കുമ്പോൾ സാധാരണയായി നേരിടുന്ന വിദേശ വിനിമയ ഫീസും കറൻസി പരിവർത്തന തടസ്സങ്ങളും ഇല്ലാതാക്കുന്നു, റുപേ ഇന്ത്യൻ രൂപയിലാണ് പ്രവർത്തിക്കുന്നത്.
യുപിഐയും എഎഎൻഐയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതോടെ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് അതിവേഗത്തിലും താരതമ്യേന എളുപ്പത്തിലും പണമിടപാട് നടത്താനും പണകൈമാറ്റത്തിനുള്ള ചെലവ് കുറയ്ക്കാനും സഹായിക്കും. യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും വ്യാപാര ബന്ധം വളർത്താനും ടൂറിസം മേഖലയ്ക്കും ഗുണകരമാണ്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സാങ്കേതിക വിദ്യയായ റൂപേ (RuPay) അടിസ്ഥാനമാക്കി യുഎഇ അവതരിപ്പിക്കുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ശൃംഖലയാണ് ജയ്‌വാൻ (JAYWAN). ആഗോള ബ്രാൻഡുകളായ വിസ, മാസ്റ്റർ കാർഡ് എന്നിവയുമായി കിടപിടിക്കുന്ന കാർഡ് പേയ്മെന്റ് സംവിധാനമായി ഇന്ന് ലോകം ശ്രദ്ധിക്കുന്ന ശൃംഖലയാണ് റുപേയുടേത്. നിരവധി സുരക്ഷാ ഫീച്ചറുകൾ റുപേയിൽ ഉണ്ടെന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്.
നിലവിൽ യുഎഇയിലെ നാല് ബാങ്കുകളാണ് ജയ്‌വാൻ കാർഡ് വിതരണം ചെയ്യുന്നത്. അബുദാബി ബാങ്ക്, അബുദാബി കൊമേഷ്യൽ ബാങ്ക്, മഷ്റീഖ് ബാങ്ക്, കൊമേഷ്യൽ ബാങ്ക് ഓഫ് ദുബായ് തുടങ്ങിയ ബാങ്കുകളാണ് ജയ്‌വാൻ കാർഡ് നൽകുന്നത്. ഇന്ത്യൻ കാർഡ് പേയ്മെന്റ് ശൃംഖലയായ റുപേയാണ് ജയ്‌വാൻ കാർഡിനു വേണ്ട നെറ്റ്‍വർക്ക് സജ്ജമാക്കുന്നത്. സാധുതയുള്ള എമിറേറ്റ്സ് തിരിച്ചറിയിൽ രേഖ കൈവശമുള്ളവരും യുഎഇയിൽ താമസിക്കുന്നവരുമായ എല്ലാവർക്കും ജയ്‌വാൻ കാർഡിന് അപേക്ഷിച്ചാൽ ലഭ്യമാകും.