കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകളുമായി ദുബായ് വിമാനത്താവളം. എയർപോർട്ട് ടെർമിനൽ മൂന്നിലാണ് പദ്ധതി നടപ്പാക്കിയത്.കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ പ്രത്യേകം അലങ്കരിച്ച പവലിയനുകളിലൂടെ സേവനങ്ങൾ ലഭ്യമാകും.
നാലു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്കാണ് ഇവിടെ നിന്ന് സേവനങ്ങൾ ലഭിക്കുക. കുട്ടികൾക്ക് തന്നെ അവരുടെ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്ക് ആവശ്യമായ എമിഗ്രേഷൻ നടപടികൾ ഈ പവലിയനിൽനിന്ന് പൂർത്തിയാക്കാൻ കഴിയുമെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന കുട്ടികൾക്ക് സന്തോഷ അനുഭവം നൽകുന്നതിനൊപ്പം മികച്ച സേവനങ്ങൾ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.പ്രത്യേക അവസരങ്ങളിൽ ജിഡിആർഎഫ്എ ജീവനക്കാരുടെ യൂണിഫോം ധരിച്ച ഭാഗ്യചിഹ്നങ്ങളായ സാലിമും സലാമയും കുട്ടിയാത്രക്കാരെ സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.