ഏപ്രിൽ 10 മുതൽ പുതിയ 1000 ദിർഹം കറൻസി നോട്ട് പ്രചാരത്തിൽ വരുമെന്ന് യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. പോളിമർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള നോട്ടിന്, നൂതനമായ രൂപകല്പനയ്ക്ക് പുറമെ സുരക്ഷാ ഘടകങ്ങളുമുണ്ട്.
യുഎഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷത്തിൻ്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് സെൻട്രൽ ബാങ്ക് പുതിയ 1000 ദിർഹം നോട്ട് പുറത്തിറക്കിയത്. ഏപ്രിൽ 10 മുതൽ യുഎഇയിലെ ബാങ്കുകളിലും, കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും, എടിഎമ്മുകളിലും ആയിരം ദിർഹം നോട്ട് ലഭ്യമാകും. യുഎഇ രാഷ്ട്രപിതാവിൻ്റെ ചിത്രം പതിച്ചതാണ് നോട്ടുകൾ.
രാജ്യത്തിൻ്റെ ഐക്യം ആഗോളതലത്തിൽ കൈവരിച്ചിട്ടുള്ള ദ്രുതഗതിയിലുള്ള വികാസം എന്നിവ സൂചിപ്പിക്കുന്ന ചിത്രങ്ങൾക്ക് പുറമെ യുഎഇയുടെ സംസ്കാരം, പുരോഗതി എന്നിവയുടെ പ്രതീകങ്ങളും നോട്ടിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയും വിധം നിലവിലുള്ള ആയിരം ദിർഹം നോട്ടിന് സമാനമായി ബ്രൗൺ ഷേഡുകളാണ് ഉപയോഗിച്ചിട്ടുളളത്.