കൂടുതൽ ഇലക്ട്രിക് വാഹനങ്ങളും (ഇവി) ചൈനയിൽ നിർമ്മിക്കുന്ന പറക്കും കാറുകളും ഉടൻ തന്നെ യുഎഇയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുതായി നിയമിതനായ ചൈനീസ് കോൺസൽ ജനറൽ ഔ ബോക്യാൻ. ഖലീജ് ടൈംസാണ് ഔ ബോക്യാനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘യുഎഇയും ചൈനയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൻ്റെ 40-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, നവീകരണത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും മേഖലയിൽ കൂടുതൽ വളർച്ച പ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2022-ൽ, Gitex ഗ്ലോബൽ ടെക്‌നോളജി ഷോയ്ക്കിടെ ചൈനീസ് നിർമ്മിത XPeng X2 അതിൻ്റെ രണ്ട് സീറ്റുള്ള പറക്കുന്ന കാറിൻ്റെ ആദ്യത്തെ പൊതു പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. രണ്ട് യാത്രക്കാരെ വഹിക്കാനും മണിക്കൂറിൽ 130 കിലോമീറ്റർ വേഗത കൈവരിക്കാനും ശേഷിയുള്ളതായിരുന്നു പറക്കും കാർ.