ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്ന കാലയളവിൽ യുഎഇയിലുടനീളം ഡെലിവറി സേവന തൊഴിലാളികൾക്കായി 6,000-ലധികം വിശ്രമകേന്ദ്രങ്ങൾ നൽകുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.സർക്കാർ സ്ഥാപനങ്ങളും സ്വകാര്യമേഖലയും സഹകരിച്ചാണ് ഈ സ്റ്റേഷനുകൾ സ്ഥാപിക്കുക. റൈഡർമാർക്ക് ഒരു ഇൻ്ററാക്ടീവ് മാപ്പിൽ ഈ ലൊക്കേഷനുകൾ ആക്‌സസ് ചെയ്യാനും ഉച്ചവിശ്രമ സമയത്ത് ഉപയോഗിക്കാനും കഴിയും.
ഡെലിവറി സേവന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും അവർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. ഉച്ചയ്ക്ക് 12.30 നും 3 നും ഇടയിൽ പുറംജോലികളിൽ ഏർപ്പെടുന്നവർക്കാണ് ഉച്ചവിശ്രമം നിർബന്ധമാക്കിയത്. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് നിയന്ത്രണം നടപ്പിലാക്കുക.
ഉദ്യമത്തിൽ പങ്കാളികളായ എല്ലാ സ്വകാര്യ സ്ഥാപനങ്ങളെയും അതോറിറ്റി പ്രശംസിച്ചു. ഡെലിവറി സേവനങ്ങൾ ഒരു പ്രധാന ലോജിസ്റ്റിക് മേഖലയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം മദ്ധ്യാഹ്ന ഇടവേളകളിൽ തൊഴിലുടമകൾ തൊഴിലാളികളെ സംരക്ഷിക്കുന്ന പാരസോളുകളും ഷേഡുള്ള പ്രദേശങ്ങളും ആവശ്യത്തിന് തണുപ്പിക്കൽ ഉപകരണങ്ങളും മതിയായ അളവിൽ തണുത്ത കുടിവെള്ളവും നൽകേണ്ടതുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.