ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കി ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഈ പദ്ധതിയുടെ ഭാഗമായി ആർടിഎ മെട്രോ സ്റ്റേഷനുകളിൽ 19,968 ഊർജ്ജ സംരക്ഷണ എൽഇഡി ബൾബുകളാണ് സ്ഥാപിച്ചത്. എൽഇഡി ബൾബുകൾ വന്നതോടെ രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 16.7 ദശലക്ഷം കിലോവാട്ട് ഊർജ്ജം ലാഭിച്ചു. ഇത് ഏതാണ് 76 ലക്ഷം ദിർഹം മൂല്യം വരും. കൂടാതെ, കാർബൺ ബഹിർഗമനം 7,283 ടൺ കുറച്ചു. ദുബായിയെ കൂടുതൽ സുസ്ഥിരവും ജീവിക്കാൻ കഴിയുന്നതുമായ നഗരമാക്കി മാറ്റുന്നതിനാണ് ഈ സംരംഭം നടപ്പിലാക്കിയത്.
2030-ഓടെ 30% ഊർജം സംരക്ഷിക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. ദുബായ് മെട്രോ സ്റ്റേഷനുകളിലെ സാധാരണ ലൈറ്റിംഗ് രീതികൾ മാറ്റി ചുവപ്പും പച്ചയും ലൈനുകളിൽ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് ട്രെയിൻ മെയിൻ്റനൻസ് ഡയറക്ടർ മുഹമ്മദ് അൽ അമീരി അറിയിച്ചു. 2021-ലാണ് RTA അതിൻ്റെ വൈദ്യുതി ഉപഭോഗം ലാഭിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചത്. ഈ ഘട്ടത്തിൻ്റെ ഭാഗമായി RTA 7,200 പരമ്പരാഗത ലൈറ്റിംഗ് യൂണിറ്റുകൾക്ക് പകരം ഊർജ്ജ സംരക്ഷണ യൂണിറ്റുകൾ സ്ഥാപിച്ചു. ഒരു വർഷത്തിനുള്ളിൽ ഏകദേശം 4,981,000 വാട്ട് ഊർജം ലാഭിക്കാൻ ഈ സംരംഭം RTAയെ സഹായിച്ചു.
12,768 ഊർജ്ജ സംരക്ഷണ ലൈറ്റിംഗ് യൂണിറ്റുകൾ മാറ്റി ആർടിഎ രണ്ടാം ഘട്ടം പൂർത്തിയാക്കി, അതിലൂടെ രണ്ടാം വർഷത്തിൽ 4,981,964 കിലോവാട്ട് ലാഭിക്കുകയും 5,141 ടൺ കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കുകയും ചെയ്തു. പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചതായും അഞ്ച് ശതമാനം ജോലികൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.