ചെറിയ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താതെയും നിർദ്ദേശങ്ങൾ അവഗണിച്ചും വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കടുത്ത പിഴ മുന്നറിയിപ്പുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)രംഗത്ത്. യുഎഇ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിനിടെ ജനിച്ച കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് സൗജന്യ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കവെ ആര്‍ടിഎ സിഇഒ ഹുസൈന് അല്‍ ബന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നവജാതശിശുക്കള്‍ ഉള്‍പ്പെടെ ചെറിയ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം ആർടിഎ സിഇഒ വ്യക്തമാക്കി. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളേയും 145 സെന്റീമീറ്ററില്‍ താഴെയുള്ള കുട്ടികളേയും മുന്‍ സീറ്റില്‍ ഇരിക്കാന്‍ യുഎഇ നിയമം അനുവദിക്കുന്നില്ല. ഇത്തരം നിയമലംഘനത്തിന് 400 ദിര്‍ഹമാണ് പിഴ ചുമത്തുക. കൂടാതെ നാല് വയസ്സിന് താഴെയുള്ള കുട്ടികളെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സീറ്റുകളില്ലാതെ കൊണ്ടുപോകുന്നവര്‍ക്കും 400 ദിര്‍ഹം പിഴയായി ലഭിക്കും.
ദുബായിലെ 24 ആശുപത്രികളിലായി ഡിസംബര്‍ 1 നും 5 നും ഇടയില്‍ പ്രസവിച്ച അമ്മമാര്‍ക്ക് 450 ചൈല്‍ഡ് കാര്‍ സീറ്റുകളാണ് കൈമാറിയത്. ദുബായ് പോലീസ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി, യുനിസെഫ് സഹകരണത്തോടെയാണ് പരിപാടി നടന്നത്. ദുബായിലെ ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിക്ക് കീഴിലുള്ള പ്രത്യേക കമ്മ്യൂണിറ്റി ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ബോധവല്‍ക്കരണം തുടരുകയാണെന്നും ആർടിഎ അറിയിച്ചു.