യുഎഇയിൽ വിസ കാലാവധി കഴിഞ്ഞ താമസക്കാർക്കും സന്ദർശകർക്കും ഞായറാഴ്ചമുതൽ ആരംഭിക്കുന്ന പൊതുമാപ്പിന് മൂന്ന് ചാനലുകളിലൂടെ അപേക്ഷിക്കാമെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ)യിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. പിഴ ഉൾപ്പെടെയുള്ള നിയമ നടപടികളിൽ നിന്ന് പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുകയോ താമസാനുമതി ക്രമപ്പെടുത്തുകയോ ചെയ്യാനുള്ള അവസരമാണ് ലഭ്യമാകുന്നത്.
സെപ്റ്റംബർ 1ന് ആരംഭിക്കുന്ന പൊതുമാപ്പിന് രണ്ട് മാസത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ സമയ പരിധിക്കുള്ളിൽ നിയമ നടപടി പൂർത്തിയാക്കണം. ഇതിനായി അപേക്ഷകൾ സമർപ്പിക്കാൻ മൂന്ന് വഴികളുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു. അതേസമയം വിവിധ രാജ്യങ്ങളുടെ എംബസികളും കോൺസുലേറ്റുകളും അനുകൂല നടപടികൾ സ്വീകരിക്കും.
അമർ സെൻ്ററുകൾ
ദുബായിൽ ഉടനീളം 86 അമർ സെൻ്ററുകൾ വഴി പൊതുമാപ്പ് അപേക്ഷകൾ സ്വീകരിക്കും. സെപ്തംബർ ഒന്നിന് അമർ സെൻ്ററുകൾ തുറന്ന് പ്രവർത്തിക്കും. എല്ലാ അമർ സെൻ്ററുകളുടെയും പ്രതിനിധികളുമായി പൊതുമാപ്പ് സംബന്ധിച്ച കൂടിക്കാഴ്ചകൾ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്.
അവിർ ടെൻ്റ്
ജിഡിആർഎഫ്എയുടെ അൽ അവീറിലെ ഓഫീസ് പരിസരത്ത് പ്രത്യേക പൊതുമാപ്പ് ടെൻ്റിന് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. രാവിലെ 8 മുതൽ രാത്രി 8 വരെ ഇവിടെ തുറന്നിരിക്കും.അപേക്ഷകരുടെ ബയോമെട്രിക്സ് രേഖപ്പെടുത്താനുള്ള സൗകര്യവും ഇവിടെയുണ്ടാകും. അമേർ സെൻ്ററുകളിൽ അപേക്ഷകൾ സമർപ്പിച്ചതിന് ശേഷം ബയോമെട്രിക്സിനൊ മറ്റ് ആവശ്യങ്ങൾക്കോ റഫർ ചെയ്യപ്പെടുന്നവർ മാത്രം ഇവിടെ എത്തിയാൽ മതിയാകും.
ഓൺലൈൻ സേവനങ്ങൾ
അപേക്ഷകർക്ക് GDRFAയുടെ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ പൊതുമാപ്പിന് അപേക്ഷിക്കാം. ഓൺലൈൻ ചാനലുകൾ വഴി 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc