മഴ വർധിപ്പിക്കുന്നതിനും ജലക്ഷാമം പരിഹരിക്കുന്നതിനുമായി യുഎഇ വ്യാപകമായി നൂറുകണക്കിന് ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളാണ് നടത്തുന്നത്. ഇപ്പോൾ ക്ലൗഡ് സീഡിംഗ് കൂടുതൽ മെച്ചപ്പെടുത്താനും മഴ വർധിപ്പിക്കാനുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിക്കാനൊരുങ്ങുകയാണ് ദുബായ്.
ജലവിതരണം സുരക്ഷിതമാക്കാൻ സാങ്കേതികവിദ്യകളിൽ രാജ്യം വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതോടെ മഴയിൽ 15 ശതമാനം വാർഷിക വർധനവുണ്ടായിട്ടുണ്ട്. അബുദാബിയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻസിഎം) ഉന്നത ഉദ്യോഗസ്ഥർ ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനും കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മഴ വർദ്ധിപ്പിക്കുന്നതിനുള്ള തീരുമാനങ്ങൾ മെച്ചപ്പെടുത്തുന്നതിലും എഐ നിർണായകമാണെന്ന് വ്യക്തമാക്കി.
മേഘങ്ങളുടെ ആയുസ് വളരെ ചെറുതാണ്. അതിനാൽ ഒന്നിലധികം മേഘങ്ങളുണ്ടെങ്കിൽ ചില പാരാമീറ്ററുകൾ തിരിച്ചറിഞ്ഞ് ഒപ്റ്റിമൽ ലൊക്കേഷൻ തിരഞ്ഞെടുക്കാൻ എഐക്ക് കഴിയും. ഇപ്പോൾ, പ്രവർത്തനങ്ങൾ മാനുവലാണ്, അതിനാൽ, എഐ ഉപയോഗിക്കുന്നതിലൂടെ ഓപ്പറേറ്റർക്ക് മേഘങ്ങളുടെ ചില വശങ്ങൾ വിലയിരുത്താനും കഴിയുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ യസീദി പറഞ്ഞു.