ഷാര്‍ജയിലെ പ്രവര്‍ത്തി ദിവസങ്ങൾ നാലാക്കി ചുരുക്കുകയും വാരാന്ത്യ അവധി മൂന്നാക്കി ഉയര്‍ത്തുകയും ചെയ്തതോടെ ഉത്പാദനക്ഷമത 88 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. തൊഴില്‍ സംതൃപ്തിയില്‍ 90 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തി. തൊഴില്‍ സന്തോഷ സൂചിക 94 ശതമാനമായും ഉയര്‍ന്നു. 2022ല്‍ 157 ദിവസത്തെ അവധിദിനങ്ങൾ ലഭിച്ചെന്നും കണക്കുകൾ.
പുതിയ തൊഴിൽ സമ്പ്രദായത്തിന്റെ ഭാഗമായി ഹാജർ നിരക്കിൽ 74 ശതമാനം വർധനവുണ്ടായെന്നും കണ്ടെത്തി. അസുഖ അവധി നിരക്കുകൾ 46 ശതമാനം കുറഞ്ഞു. ഔദ്യോഗിക പ്രവൃത്തി സമയത്തിന് പുറത്ത് ഇ-ഗവൺമെന്റ് സേവനങ്ങൾ നൽകുന്നതിന്റെ നിരക്കിൽ 61 ശതമാനം വർധനവുണ്ടായെന്നും അധികൃതര്‍ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
ജോലിയും കുടുംബജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ അവധി ദിനങ്ങൾ കൂടിയത് സഹായിച്ചന്ന് 85 ശതമാനം പേർ പറയുന്നു. വിനോദോപാദികൾക്കും മറ്റുമായി സമയം ചിലവഴിക്കാന്‍ 96 ശതമാനം ആളുകൾക്ക് സാധിച്ചതും നേട്ടമാണ്. സാമൂഹിക പരിപാടികളിലെ പങ്കാളിത്തത്തിലും 70 ശതമാനം വർധനവുണ്ടായി.
ആരോഗ്യപരിപാലനം , വിദ്യാഭ്യാസം, ആത്മീയ പരിപാടികൾ, വാണിജ്യമേഖലയിലെ ഇടപെടുകൾ എന്നിവയ്ക്ക് സമയം വിനിയോഗിച്ചവരും 50 ശതമാനത്തിലധികമാണ്. കഴിഞ്ഞ വർഷം ജനുവരിമുതലാണ് ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പാക്കിത്തുടങ്ങിയത്. ജീവനക്കാർക്ക് വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി.
ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ (എസ്‌ഇസി) യോഗത്തിലാണ് പഠന ഫലങ്ങൾ അവതരിപ്പിച്ചത്. ഷാർജ കിരീടാവകാശിയും ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി യോഗത്തിൽ അധ്യക്ഷത വഹിച്ചു.