ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസാധകയെന്ന അപൂർവ നേട്ടം സ്വന്തമാക്കി അബുദാബിയിലെ അഞ്ച് വയസ്സുകാരി അൽഫായ് അൽ മർസൂഖി. കുരുന്നുകൾക്കിടയിലെ സൗഹൃദത്തിന്റെ കഥപറയുന്ന ‘ലോസ്റ്റ് റാബിറ്റ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചാണ് അൽഫായ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. അൽഫായ് ജനിച്ച അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിൽ നടന്ന വ്യത്യസ്തമായ ചടങ്ങിൽ വച്ച് ഈ അപൂർവ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇതിനോടകം തന്നെ വിവിധ പുസ്തകമേളകളിൽ തന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ച അൽഫായുടെ ആഗോളതലത്തിലെ നേട്ടം ആഘോഷിക്കാൻ പ്രമുഖ എമിറാത്തി എഴുത്തുകാരും സാംസ്കാരിക നായകരും ബുർജീൽ ആശുപത്രിയിൽ എത്തിയിരുന്നു. സൗഹൃദം, അനുകമ്പ, മൃഗങ്ങളോടുള്ള സ്‌നേഹം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു അൽഫായുടെ പുസ്തകം രചിച്ചത്. അൽഫായ്, സുഹൃത്ത് സൽമ, കാണാതായ മുയൽ ഫുഫു എന്നിവരാണ് കഥയിലെ കഥാപാത്രങ്ങൾ.പുസ്തകം രചിച്ച അൽഫായ് തന്നെയാണ് കഥയ്ക്ക് ആവശ്യമായ ചിത്രങ്ങളും വരച്ചത്.
എമിറേറ്റ്‌സ് ഹെറിറ്റേജ് ക്ലബ് ഭാരവാഹികൾ, സ്വദേശി എഴുത്തുകാരി മറിയം നാസർ, ബുർജീൽ ഹോൾഡിങ്‌സ് ബോർഡ് മെമ്പർ ഒമ്രാൻ അൽഖൂരി എന്നിവർ ചേർന്നാണ് ചടങ്ങിൽ അൽഫായ്ക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു. അൽഫായുടെ കഥയിലെ കഥാപാത്രങ്ങളും അവളുടെ സുഹൃത്തുക്കളും ഡോക്ടർമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിൽ കുട്ടികൾക്കായി ‘ലോസ്റ്റ് റാബിറ്റ്’ പുസ്തകം വായിച്ച അൽഫായ് താൻ ഒപ്പുവച്ച കോപ്പികൾ അവർക്ക് സമ്മാനിക്കുകയുംചെയ്തു.
അതേസമയം വളരെ ചെറുപ്പത്തിൽ തന്നെ എഴുത്തിലൂടെ അപൂർവ നേട്ടം സ്വന്തമാക്കിയ അൽഫായ്ക്ക് എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ് ആജീവനാന്ത അംഗത്വവും പ്രഖ്യാപിച്ചു. ബുർജീൽ ആശുപത്രിയുടെ സഹായത്തോടെയാണ് അൽഫായുടെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചതും ഗിന്നസ് നേട്ടത്തിനായി സമർപ്പിച്ചതും. അൽഫായിയുടെ നേട്ടത്തിൽ മാതാപിതാക്കളും അതിയായ സന്തോഷം പ്രകടിപ്പിച്ചു. ഭാവിയിൽ ഫാഷൻ ഡിസൈനറാവാൻ ലക്ഷ്യമിടുന്ന അൽഫായ് ഇപ്പോൾ പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്.