സ്കൂൾ ബസുകളിലും ടാക്സികളിലും സ്വയംനിയന്ത്രിത അഗ്നിരക്ഷ ഉപകരണം ഘടിപ്പിച്ച് ദുബായ് ടാക്സി കോർപറേഷൻ (ഡി.ടി.സി). കടുത്ത ചൂടിൽ വാഹനത്തിന്റെ എൻജിന് തീപിടിച്ചാൽ സ്വയം പ്രവർത്തിച്ച് തീയണക്കാൻ കഴിയുന്ന വിധത്തിലാണ് ഉപകരണം രൂപകൽപന ചെയ്തിരിക്കുന്നത്. ഇത് പ്രവർത്തിപ്പിക്കുന്നതിന് മനുഷ്യ ഇടപെടൽ ആവശ്യമില്ല. വാഹനത്തിൽ തീപിടിത്തം ഉണ്ടായ ഭാഗം സ്വയം കണ്ടെത്തുകയും ആ ഭാഗത്തേക്ക് പ്രത്യേക ട്യൂബ് ഉപയോഗിച്ച് തീ അണക്കുന്നതിനുള്ള രാസവസ്തു സ്പ്രേ ചെയ്യുകയും ചെയ്യുന്ന വിധത്തിലാണ് ഉപകരണത്തിന്റെ സജ്ജീകരണം. ഇതുവഴി അതിവേഗം തീ അണക്കാനാകും.
പദ്ധതിയുടെ തുടക്കത്തിൽ 4459 ടാക്സികളിലും 953 സ്കൂൾ ബസുകളിലുമാണ് ഉപകരണം ഘടിപ്പിച്ചിട്ടുള്ളത്. കൂടാതെ മുഴുവൻ വാഹനങ്ങളിലും പുതിയ സംവിധാനം സജ്ജമാക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡി.ടി.സി അസറ്റ് മാനേജ്മെന്റ് ഡയറക്ടർ നാസർ മുഹമ്മദ് അൽഹാജ് പറഞ്ഞു. മാത്രമല്ല, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ആസ്തികളുടെ സംരക്ഷണവും മുൻനിർത്തിയാണ് പുതിയ സംവിധാനം ഒരുക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ചൂട് കൂടുന്ന സാഹചര്യത്തിൽ യുഎഇയിൽ വാഹനങ്ങൾക്ക് തീപിടിക്കുന്നത് പതിവാണ്. ഇത് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനൊപ്പം യാത്ര ചെയ്യുന്നവരുടെ ജീവനും ഇത് ഭീഷണിയായി നിലനിൽക്കുന്നു. അതുകൊണ്ട് തന്നെ പുതിയ സംവിധാനം ഒരുക്കുന്നതോടെ തീപിടിത്തങ്ങൾ വഴിയുള്ള അപകടങ്ങൾ ഇല്ലാതാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ഡ്രൈവറുടെ സഹായമില്ലാതെ സ്വയം പ്രവർത്തിക്കുന്നതിനാൽ സ്കൂൾ ബസുകളിൽ വിദ്യാർഥികളുടെ സുരക്ഷയുടെ വിഷയത്തിൽ പുതിയ സംവിധാനം വലിയ സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.