നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ പ്രവാസികൾക്കായുള്ള ആതുര സേവന പദ്ധതി ദുബായിലും ആരംഭിച്ചു. പദ്ധതിയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ യുഎഇ മുൻ പരിസ്ഥിതി, ജലം വകുപ്പ് മന്ത്രി ഡോ.മുഹമ്മദ് സഈദ് അൽ കിന്ദി ഉദ്ഘാടനം നിർവഹിച്ചു. ഫാമിലി കണക്ട് പദ്ധതി വ്യത്യസ്തമായ ഒരു ആശയമാണ്. പദ്ധതി പ്രവാസികൾക്കും അവരുടെ കുടുംബത്തിനും വളരെയേറെ പ്രയോജനം ചെയ്യുമെന്ന് ബോധ്യമുണ്ടെന്നും ഡോ. അൽ കിന്ദി പറഞ്ഞു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണ് ആദ്യഘട്ടത്തിൽ ഫാമിലി കണക്ട് പദ്ധതി സാധ്യമാക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ഫാ. സോജൻ പട്ടശ്ശേരിൽ, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനൽ സെക്രട്ടറി സഫീദ്, അംഗങ്ങളായ സാനിയാസ്, ജാഫർ, ജോസ്ഫിൻ, റാഷിദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.