നിരവധി മലയാളി വീട്ടമ്മമാരാണ് കുടുംബം പോറ്റാനായി വീട്ടു ജോലിക്കായി ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കുന്നത്. അമ്മക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സൂക്ഷിക്കുന്നതുപോലെ മക്കളെ പോറ്റാനായി നാടും വീടും വിട്ടെറിഞ്ഞാണ് വീട്ടുജോലിക്കായി കടൽ കടക്കുന്നത്. ഗൾഫിലെ ജോലി സമയങ്ങളിൽ വീട്ടുടമ പറയുന്ന ജോലി ചെയ്യുക എന്നതിപ്പുറം മറ്റൊന്നും അവരുടെ മുന്നിലില്ല.
ഒരു വിനോദയാത്രപോലും അവരുടെ പ്രവാസ ജീവിതത്തിൽ അന്യമാണ്! കഴിഞ്ഞ ഏഴ് വർഷമായി യുഎഇയിലായിരുന്നിട്ടും വീട്ടുജോലിക്കാരിയായ ജെസ്സി ബി.ജെ.യ്ക്ക് ഒരു വിനോദയാത്രയ്ക്ക് പോകാനോ മനസ്സറിഞ്ഞ് ഒന്നു സന്തോഷിക്കാനോ സാധിച്ചിരുന്നില്ല. വീട്ടുജോലിയ്ക്കിപ്പുറം യാത്രകൾ ചുരുക്കമായിരുന്നു, ഞായറാഴ്ച അടുത്തുള്ള പള്ളിയിലേക്ക് ഒന്നു പോയി വരും! അങ്ങനെയിരിക്കെയാണ് പ്രചര ചാവക്കാട് യുഎഇ കമ്മിറ്റിയുടെ വനിതാ വിഭാഗം വാട്സാപ്പ് കൂട്ടായ്മയിൽ അംഗമായത്. പിന്നീട് നടന്നതെല്ലാം ഒരു സ്വപ്നം!!!!
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന 150 വീട്ടുജോലിക്കാരുടെ ഒരു ദിവസം സ്വപ്നാടനം പോലെ ‘അടിപൊളി’യായ കഥയാണ് ഇത്.ഫുജൈറയിലേക്ക് ഒരു പകൽ വിനോദയാത്ര പോകാൻ ദുബായിലെയും ഷാർജയിലെയും 150 വീട്ടുജോലിക്കാരിൽ ഒരാളായി ജെസ്സിയും മാറി.ചാവക്കാട് നിന്നുള്ള പ്രവാസി കുടുംബങ്ങളുടെ കൂട്ടായ്മയായ പ്രചാര ചാവക്കാട് യുഎഇയുടെ ലേഡീസ് വിംഗാണ് യാത്ര സംഘടിപ്പിച്ചത്.
യാത്ര സംഘടിപ്പിക്കാൻ ഗ്രൂപ്പിൻ്റെ ഭാരവാഹികൾ സമ്മതിച്ചപ്പോൾ, പിന്നീട് വാട്സാപ്പ് ഗ്രൂപ്പ് സജീവമായി. കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി വിനോദ യാത്രയ്ക്ക് ചേരാൻ ആഗ്രഹിക്കുന്ന വീട്ടുജോലിക്കാരുടെ വിവരങ്ങൾ ശേഖരിച്ചത്.
ദുബായിൽ നിന്നും ഷാർജയിൽ നിന്നും മൂന്ന് ലക്ഷ്വറി ബസുകളിൽ 150 വീട്ടുജോലിക്കാരെ പിക്നിക്കിനായി കൊണ്ടുപോയി.
പ്രചാര ചാവക്കാട് ചെയർമാൻ സുശീലൻ വാസു, 2019-ലെ യുഎഇ പയനിയേഴ്‌സ് അവാർഡ് നേടിയ ഇന്ത്യൻ വ്യവസായി സജി ചെറിയാൻ, ഫുജൈറയിലെ ഫാംഹൗസും ഓഡിറ്റോറിയവും സൗജന്യമായി ഗ്രൂപ്പിന് ആതിഥേയത്വം വഹിക്കുന്നതിനായി ഭാര്യ എൽസി ചെറിയാൻ എന്നിവർ ചേർന്ന് ഉല്ലാസയാത്ര ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോണുകൾ, വാച്ചുകൾ തുടങ്ങിയ വിലകൂടിയ സമ്മാനങ്ങളുമായി ഗ്രൂപ്പ് നറുക്കെടുപ്പും സംഘടിപ്പിച്ചു, കൂടാതെ പങ്കെടുത്ത എല്ലാവർക്കും ഗുഡി ബാഗുകളും സമ്മാനിച്ചു. നിരവധി വിനോദ പരിപാടികളും ഗെയിമുകളും സംഘടിപ്പിച്ചു.