യുഎഇയിലെ ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം പ്രഖ്യാപിച്ചു. ഇതോടെ അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ സമയം വെറും 57 മിനിറ്റായി ചുരുങ്ങും. സാധാരണ രണ്ട് മണിക്കൂറിനടുത്ത് എടുക്കുന്ന യാത്രയാണ് ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്നത്.
തലസ്ഥാനത്തെ മറ്റ് മൂന്ന് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം ഇപ്രകാരമാണ്. അബുദാബിയിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് അൽ റുവൈസെങ്കിലും തലസ്ഥാനത്ത് നിന്ന് അൽ റുവൈസിലേക്കുള്ള യാത്രയ്ക്ക് 70 മിനിറ്റ് മാത്രമേ എടുക്കൂ. കൂടാതെ, അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള യാത്രകൾക്ക് 105 മിനിറ്റാണ് ആവശ്യമായി വരുന്നത്.
റുവൈസ്, അൽ മിർഫ, ഷാർജ, അൽ ദൈദ്, അബുദാബി, ദുബായ് എന്നിവയുൾപ്പെടെ അൽ സില മുതൽ ഫുജൈറ വരെ വ്യാപിച്ചുകിടക്കുന്ന യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ഹൈടെക് പാസഞ്ചർ റെയിൽ സർവീസ് ബന്ധിപ്പിക്കും. പാസഞ്ചർ സ്റ്റേഷനുകളുടെ രണ്ട് സ്ഥലങ്ങൾ അധികൃതർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തേത് ഫുജൈറയിലെ സകംകാമിലും രണ്ടാമത്തേത് ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റിയിലുമാണ്.