കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുബായ് പോലീസിലേക്കുള്ള അടിയന്തര കോളുകൾ വർദ്ധിച്ചെന്ന് റിപ്പോര്‍ട്ട്. ഒരു മിനിറ്റിൽ ശരാശരി ആറ് കോളുകൾ വീതമാണ് ലഭ്യമാകുന്നതെന്ന് പൊലീസ്. സേനയുടെ എമർജൻസി നമ്പറായ 999ലേക്ക് കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ 13,108 കോളുകളാണ് ലഭിച്ചതെന്നും കണക്കുകൾ. ദുബായ് പോലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ 901 നമ്പറിൽ 1,959 നോൺ എമർജൻസി കോളുകൾ ലഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.
അടിയന്തര കോളുകൾക്ക്’ ദുബായ് പോലീസ് രണ്ട് മിനിറ്റിനുള്ളിൽ മറുപടി നൽകി.
മിക്കതും കാലാവസ്ഥയുമായി ബന്ധപ്പെട്ടതോ അപകടങ്ങൾ സംബന്ധിച്ച കോളുകളോ ആയിരുന്നു. അതേസമയം വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഓര്‍മ്മിപ്പിച്ചു. കാറുകൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാനും വേഗത കുറയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അസ്ഥിരമായ കാലാവസ്ഥ രണ്ട് ദിവസം കൂടി തുടരുമെന്നാണ് സൂചനകൾ.
മലനിരകളിലേക്കും മരുഭൂമിയിലേക്കുമുളള വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലനിരകളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും ആളുകൾ കൂടുതലായി എത്തുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അത്യാഹിത സംഭവങ്ങൾ നേരിടാന്‍ സേന എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.