നോമ്പ് നോറ്റ് പ്രാർത്ഥനകളുമായി പുണ്യ റമദാനെ വരവേറ്റ് ലോകം. വിശുദ്ധ റമദാൻ മാസത്തിന് ശേഷം അടയാളപ്പെടുത്തുന്ന ഇസ്ലാമിക ഉത്സവമായ ഈദ് അൽ ഫിത്തർ ആഘോഷിക്കാൻ യുഎഇ നിവാസികൾക്ക് ഏപ്രിലിൽ ഒമ്പത് ദിവസം വരെ അവധി ആസ്വദിക്കാം. യുഎഇയിലെ സ്വകാര്യ-പൊതുമേഖല ജീവനക്കാർക്ക് അവരുടെ 30 ദിവസത്തെ വാർഷിക അവധിയ്ക്ക് പുറമേയാണ് ഈ നീണ്ട ഇടവേള ലഭിക്കുക.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾക്ക് വിരുദ്ധമായാണ് ഇസ്ലാമിക ഹിജ്‌റി കലണ്ടറിലെ ഒരു മാസത്തിൻ്റെ തുടക്കത്തെ സൂചിപ്പിക്കുന്ന ചന്ദ്രക്കല – ഞായറാഴ്ച വൈകുന്നേരം (മാർച്ച് 10) യുഎഇയുടെ ആകാശത്ത് കണ്ടത്. അങ്ങനെ റമദാനിൻ്റെ ആദ്യ ദിനമായി മാർച്ച് 11 മാറി. എല്ലാ ഇസ്ലാമിക കലണ്ടർ മാസങ്ങളെയും പോലെ, റമദാൻ ചന്ദ്രൻ കാണുന്ന സമയത്തെ ആശ്രയിച്ച് 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കുന്നതാണ്. റമദാനിന് ശേഷം വരുന്ന മാസമായ ഷവ്വാൽ ഒന്നാം നാളിലാണ് ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്.
പൊതു, സ്വകാര്യ മേഖലകളിൽ യുഎഇ സർക്കാർ പ്രഖ്യാപിച്ച അവധികളുടെ പട്ടിക പ്രകാരം റമദാൻ 29 മുതൽ ശവ്വാൽ 3 വരെ ഈദ് അൽ ഫിത്തർ ആഘോഷിക്കാൻ അവധി ലഭിക്കും. റമദാൻ 30 ദിവസം നീണ്ടുനിൽക്കുന്നെങ്കിൽ ഈദ് ഏപ്രിൽ 10-നാണ് വരുക. മാസം 29 ദിവസം നീണ്ടുനിൽക്കുന്നെങ്കിൽ ഈദ് ഉൽ ഫിത്തർ ഏപ്രിൽ 9 നുമായിരിക്കും.
രണ്ട് സാഹചര്യങ്ങളിലും അവധിക്കാലം എങ്ങനെ കടന്നുപോകുന്നുവെന്ന് അറിയാം:
. റമദാൻ 30 ദിവസം നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ ഏപ്രിൽ 8 (റമദാൻ 29) തിങ്കളാഴ്ച മുതൽ ഏപ്രിൽ 12 (ശവ്വാൽ 3) വെള്ളിയാഴ്ച വരെയാണ് ഈദ് അവധി ദിവസങ്ങൾ വരുക. ശനി-ഞായർ വാരാന്ത്യങ്ങൾ ഇടവേളയ്ക്ക് മുമ്പും ശേഷവും പരിഗണിക്കുകയാണെങ്കിൽ ആകെ ഒമ്പത് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ശേഷം ഏപ്രിൽ 6 ശനിയാഴ്ച മുതൽ ഏപ്രിൽ 14 ഞായർ വരെയും ഇടവേളയുണ്ടാവും.
. റമദാൻ 29 ദിവസം നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ യുഎഇ നിവാസികൾക്ക് വാരാന്ത്യമടക്കം ആറ് ദിവസത്തെ അവധി ലഭിക്കും. ഏപ്രിൽ 8 (റമദാൻ 29) തിങ്കൾ മുതൽ ഏപ്രിൽ 11 വ്യാഴം വരെയാണ് ഈദ് അവധി. ഇടവേളയ്ക്ക് മുമ്പുള്ള ശനി-ഞായർ വാരാന്ത്യം കൂടി ഉൾപ്പെടുത്തിയാൽ ആകെ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. ഏപ്രിൽ 6 ശനിയാഴ്ച മുതൽ ഏപ്രിൽ 11 വ്യാഴാഴ്ച വരെയാണ് ഇടവേള.
. ജനുവരി 1-ന് പുതുവർഷത്തിന് ശേഷം ഈ വർഷത്തെ രണ്ടാമത്തെ പൊതു അവധിയാണ് ഈദ് അവധി. അടുത്ത ഇടവേള ഇസ്ലാമിക ഉത്സവമായ ഈദ് അൽ അദയെ അടയാളപ്പെടുത്തുന്നതായിരിക്കും. ജൂൺ മാസത്തിലെ വാരാന്ത്യം ഒഴികെയുള്ള നാല് ദിവസത്തെ അവധി താമസക്കാർക്ക് ലഭിക്കുകയും ചെയ്യും. അതേസമയം ജൂലായിൽ മുഹറം ഒന്നിന് ഇസ്ലാമിക പുതുവർഷവും സെപ്തംബറിൽ മുഹമ്മദ് നബിയുടെ ജന്മദിനവും വരുന്നുണ്ട്. ഡിസംബർ 2, 3 തീയതികളിൽ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് അവസാന പൊതു അവധി ലഭിക്കുക.