നഗരത്തിന്റെ സൗന്ദര്യവത്ക്കരണത്തിൽ അതീവ ശ്രദ്ധപുലർത്തുന്നതാണ് ദുബായ്. പീക്ക് ടൈംമുകളിൽ നേരിടുന്ന ഗതാഗത കുരുക്ക് പല നഗരങ്ങൽക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഗതാഗതക്കുരുക്കിന് ദുബായും അത്ര പിന്നിലല്ല. അതുകൊണ്ട് തന്നെ എങ്ങനെ ഈ ട്രാഫിക് നിയന്ത്രിക്കാം എന്ന് അതിവിദഗ്ദമായാണ് ദുബായ് ഭരണാധികാരികൾ ചർച്ച ചെയ്യുന്നത്.
ഗതാഗതക്കുരുക്ക് പരിഹരിക്കാനായി വിവിധ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുകയാണ്. ഇതിനായി വർക്ക് ഫ്രം ഹോം, ഓഫീസ് സമയത്തിലെ മാറ്റം എന്നിവയെല്ലാം പരിഗണിക്കുമെന്ന് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ അംഗീകരിച്ച ട്രാഫിക് ഫ്ളോ പ്ലാൻ വ്യക്തമാക്കുന്നു. എന്നാൽ ഈ നയം എങ്ങനെ, എപ്പോൾ നടപ്പാക്കുമെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
കുട്ടികൾ സ്കൂളിലേക്കും മുതിർന്നവർ ഓഫീസുകളിലേക്കും പോവുകയും വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് കൗൺസിൽ ട്രാഫിക് ഫ്ളോ പ്ലാൻ ദുബായ് ഭരണകൂടത്തിന് മുന്നിൽ അവതരിപ്പിച്ചത്.