ആറ് മാസത്തിൽ കൂടുതൽ കാലം വിദേശത്ത് കഴിയുന്ന ദുബായ് വീസക്കാർക്ക് പ്രവേശനാനുമതി നൽകില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. എന്നാൽ ഗോൾഡൻ വീസക്കാർക്ക് ഇതിൽ ഇളവുണ്ട്.
യുഎഇ വീസക്കാർക്ക് വിദേശത്ത് തങ്ങാനാവുന്ന പരമാവധി കാലാവധി ആറ് മാസമാണ്. എന്നാൽ ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റ് വീസക്കാർക്ക് തക്കതായ കാരണമുണ്ടെങ്കിൽ ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് കഴിയാനുള്ള അനുമതിയുണ്ട്. ഇത്തരക്കാർ ഐസിപിയിൽ റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ എമിറേറ്റ്സ് ഐഡി, പാസ്പോർട് എന്നിവയുടെ പകർപ്പിനൊപ്പം വൈകിയതിന്റെ കാരണവും ബോധിപ്പിക്കേണ്ടത് നിർബന്ധമാണ്.
അതേസമയം 180 ദിവസത്തിൽ കൂടുതൽ തങ്ങുന്ന ഓരോ മാസത്തിനും 100 ദിർഹം വീതം പിഴ അടയ്ക്കണം. റസിഡൻസ് വീസയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണം എന്നതാണ് മറ്റൊരു പ്രധാന നിബന്ധന. എന്നാൽ വ്യക്തിഗത വീസയാണെങ്കിൽ ഐസിപി വെബ്സൈറ്റ് വഴിയും അല്ലാത്തവർ അതാത് കമ്പനി വഴിയുമാണ് റീ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടത്. അപേക്ഷ അംഗീകരിച്ചാൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണമെന്നും അതോറിറ്റി അറിയിച്ചു.