ദുബായിലെ മുനിസിപ്പാലിറ്റി തൊഴിലാളികൾക്കായി റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്ന് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ യൂണിഫോം ഉടൻ വിതരണം ചെയ്യും. ദുബായ് മുനിസിപ്പാലിറ്റി ആരംഭിച്ച വമ്പിച്ച പാരിസ്ഥിതിക കാമ്പെയ്‌നിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നുള്ള യൂണിഫോം നിർമ്മാണം. ആഗോളതലത്തിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭവം.
2050-ഓടെ നെറ്റ് സീറോ നേടാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി. 60 ടൺ പ്ലാസ്റ്റിക്കിന് തുല്യമായ 3 ദശലക്ഷം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാനും പുനരുപയോഗം ചെയ്യാനും ഒരു സംരംഭം ആരംഭിച്ചതായി മുനിസിപ്പാലിക്കി എക്സിൽ വ്യക്തമാക്കി.
തങ്ങളുടെ ജീവനക്കാർക്കായി വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിന് റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയായി മാറുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. “പരിസ്ഥിതി മേഖലയിൽ കമ്മ്യൂണിറ്റി ഉത്തരവാദിത്തം ശക്തിപ്പെടുത്തുകയും വ്യക്തികളെയും സ്ഥാപനങ്ങളെയും പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പുകൾ നടത്താൻ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന്” മുനിസിപ്പാലിറ്റി പറഞ്ഞു.