ദുബായിലെ ലോജിസ്റ്റിക്സ് പദ്ധതിക്ക് കീഴിൽ പഴം-പച്ചക്കറി മാർക്കറ്റിൻ്റെ നിലവിലെ വലുപ്പം ഇരട്ടിയാക്കാൻ തീരുമാനം. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ബുധനാഴ്ച മെഗാ പദ്ധതി പ്രഖ്യാപിച്ചത്.
ദുബായ് മുനിസിപ്പാലിറ്റി, ഡിപി വേൾഡ് എന്നിവയുമായി സഹകരിച്ച് ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഹബ് വികസിപ്പിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കാനും തീരുമാനമായി.
രണ്ട് സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറിന് കീഴിൽ ഒരു ഏകീകൃത വ്യാപാര വിൻഡോ അവതരിപ്പിക്കും.
ഗൾഫ് മേഖലയ്ക്കും ലോകത്തിനുമായി വിവിധ മേഖലകളിൽ വിപണികൾ, കയറ്റുമതി, പുനർ കയറ്റുമതി പ്രവർത്തനങ്ങൾ എന്നിവയുടെ ലക്ഷ്യസ്ഥാനമായി ദുബായെ മാറ്റുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ് മക്തൂം പറഞ്ഞു. കൂടുതൽ വാണിജ്യ, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും യുഎഇയുടെ ഭക്ഷ്യ സുരക്ഷാ തന്ത്രത്തെ പിന്തുണയ്ക്കാനും ശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിപി വേൾഡ് നിയന്ത്രിക്കുന്ന പഴം പച്ചക്കറി വിപണിയുടെ വിപുലീകരണം കൂടുതൽ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.