ഇന്നത്തെ കുട്ടികൾ സൂപ്പറാണ്. അവരുടെ ചിന്തകളും പ്രവർത്തികളും വെറും കുട്ടികളിയല്ല. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾ ടെക്നോളജി തലത്തിൽ ഇന്നിന്റെ വളർച്ചയ്ക്കായുള്ള സംഭാവനകൾ നൽകി തുടങ്ങി!! ദുബായിലെ രണ്ട് വിദ്യാർത്ഥികൾ യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഒരു പുത്തൻ വെബ്‌സൈറ്റ് സൃഷ്ടിച്ചിരിക്കുകയാണ്.
തൊഴിലാളികൾക്കായി “PotentiAE“
അമേരിക്കൻ സ്‌കൂൾ ഓഫ് ദുബായിൽ നിന്നുള്ള ഇരട്ടകളായ സാഹിലും സീയ ഉബെറോയിയുമാണ് PotentiAE എന്ന പേരിൽ ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിച്ചെടുത്തിരിക്കുന്നത്. എഐ സംവിധാനം ഉപയോഗിച്ചാണ് PotentiAE എന്ന പ്ലാറ്റ്ഫോം തയ്യാറാക്കിയിരിക്കുന്നത്. ഈ പ്ലാറ്റ്ഫോം വഴി തൊഴിലാളികൾക്ക് അവരുടെ ബയോഡാറ്റ മെച്ചപ്പെടുത്താനും പുതിയ ജോലി കണ്ടെത്താനും സഹായിക്കും.
മികച്ച സിവി തയ്യാറാക്കി തരും
“2021 ൽ യുഎഇയിൽ തൊഴിൽതേടിയെത്തിയ തൊഴിലാളി അദ്ദേഹത്തിനു വേണ്ടി കരിക്കുലം വീറ്റ (സിവി) തയ്യാറാക്കാൻ ഞങ്ങളുടെ സഹായം തേടിയിരുന്നു, അപ്പോഴാണ് ഇതുപോലെയുള്ള മറ്റ് തൊഴിലാളികളെ എങ്ങനെ സഹായിക്കാമെന്ന ചിന്തയിലേക്ക് വന്നെത്തിയത്. ആ ചിന്തയാണ് ഇന്നത്തെ എഐ പ്ലാറ്റഫോമിൽ എത്തി നിൽക്കുന്നതെന്ന് ഗ്രേഡ് 12 വിദ്യാർത്ഥിയായ സാഹിൽ ഉബ്‌റോയ് പറയുന്നു. ഈ പ്ലാറ്റ്ഫോം വഴി തൊഴിലാളികളെ അവരുടെ ആപ്ലിക്കേഷനുകൾ മെച്ചപ്പെട്ട രീതിയിൽ തയ്യാറാക്കാൻ കഴിയുമെന്നും മെച്ചപ്പെട്ട ജോലിയിൽ പ്രവേശിക്കാനുള്ള അവരുടെ സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും സാഹിൽ പറയുന്നു.
സാഹിൽ, സീയ
വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുമ്പോൾ, വ്യക്തികൾ അവരുടെ നിലവിലെ ജോലി വിവരണം, സാങ്കേതികവുമായ കഴിവുകൾ, ഭാവി ലക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടെ ഒരു സംക്ഷിപ്ത പ്രൊഫഷണൽ സംഗ്രഹം പൂർത്തിയാക്കി നൽകണം. തൊഴിലാളികൾ നൽകിയ ഈ ഇൻപുട്ടുകളെ അടിസ്ഥാനമാക്കിയാണ് വെബ്സൈറ്റ് ഒരു റെസ്യൂം തയ്യാറാക്കി തരുക.
ജോലിതേടിയെത്തുന്ന പല പ്രവാസികൾക്കും വളരെ എളുപ്പത്തിൽ തന്നെ റെസ്യൂം തയ്യാറാക്കാൻ ഈ വെബ്സൈറ്റ് സഹായിക്കുമെന്ന് സീയയും കൂട്ടിച്ചേർത്തു. അഞ്ച് മാസം കൊണ്ടാണ് ഈ വെബ്സൈറ്റ് തയ്യാറാക്കി എടുത്തതെന്നും സിയ വ്യക്തമാക്കി. നിരവധി ബിൾഡർമാരെ സംബന്ധിച്ചിടത്തോളം തൊഴിലാളികളിൽ നിന്ന് അവർ പ്രതീക്ഷിക്കുന്ന സിവി എത്തരത്തിൽ ഉള്ളതാകണം എന്ന വിഷത്തിയും ഈ സഹോദരങ്ങൾ സർവ്വേ നടത്തി.
ഭാവി പരിപാടികൾ
ഭാവിയിൽ, കൂടുതൽ ആളുകളിലേക്ക് വെബ്സൈറ്റ് എത്തുന്നതിനായി അറബിയും ഹിന്ദിയും വെബ്‌സൈറ്റിൽ ഉൾപ്പെടുത്താനും ഇവർ ലക്ഷ്യമിടുന്നുണ്ട്. തോട്ടക്കാർ, ടാക്സി ഡ്രൈവർമാർ തുടങ്ങിയ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ ഏറെ പ്രയോജനം ചെയ്യുമെന്നാണ് സാഹിൽ ആവർത്തിച്ചു പറയുന്നത്. ഈ പ്ലാറ്റ്ഫോമിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ ലക്ഷ്യമിടുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു, അതായത് തൊഴിലാളികൾക്ക് ഈ സേവനം തികച്ചും സൗജന്യമായി ഉപയോഗിക്കാം.
പ്ലാറ്റ്ഫോം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനായി വിദ്യാർത്ഥികൾ യുഎഇയിലെ വിവിധ മന്ത്രാലയങ്ങളുമായും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മന്ത്രാലയവുമായി (എഐ) കുട്ടികൾ ബന്ധപ്പെട്ടു. തുടർനടപടികൾക്കായി കാത്തിരിക്കുകയാണ് കുട്ടികൾ!!