2050 ഓടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം മാറുമെന്ന് ദുബായിലെ ഏറ്റവും വലിയ ഏക നഗര മാസ്റ്റർ ഡെവലപ്പറായ ദുബായ് സൗത്തിൻ്റെ ട്വീറ്റ്. ബിസിനസ് സൗഹൃദ ഫ്രീ സോണും റസിഡൻഷ്യൽ ഓപ്ഷനുകളും പൂർത്തിയാകുമ്പോഴേക്ക് ദുബായ് വിമാനത്താവളം കുതിച്ചുചാട്ടത്തിലെത്തുമെന്നാണ് ട്വീറ്റിലെ ഉളളടക്കം.
ദുബായ് നഗരം വായു, കര, കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ വിപുലീകരണത്തിൻ്റെ പാതയിലാണ്. ലോജിസ്റ്റിക് ഇക്കോസിസ്റ്റത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് നഗര വികസനം. 2050-ഓടെ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം പ്രതിവർഷം 255 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ദുബായ് സൗത്ത് വ്യക്തമാക്കി.
അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൻ്റെ വിപുലീകരണത്തിനായി 120 ബില്യൺ ദിർഹം (33 ബില്യൺ ഡോളർ)അനുവദിച്ചിരുന്നു. പദ്ധതി പദ്ധതി ഘട്ടം ഘട്ടമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ. പ്രവർത്തനങ്ങൾ പൂർത്തിയായാൽ പ്രതിവർഷം 160 ദശലക്ഷത്തിലധികം യാത്രക്കാർക്ക് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ആഗോള ഗേറ്റ്‌വേ ആയിരിക്കുമിത്. 12 ദശലക്ഷം ടൺ ചരക്കുനീക്കത്തിനുള്ള മൾട്ടി മോഡൽ ലോജിസ്റ്റിക്‌സ് ഹബ്ബായും വിമാനത്താവളം പ്രവർത്തിക്കും.
ദുബായ് ലോജിസ്റ്റിക് സിറ്റി, കൊമേഴ്‌സ്യൽ സിറ്റി, റെസിഡൻഷ്യൽ സിറ്റി, ഏവിയേഷൻ സിറ്റി, ഗോൾഫ് സിറ്റി എന്നിവ ഉൾപ്പെടുന്ന ദുബായ് സോണിലെ ആറ് ക്ലസ്റ്റേർഡ് സോണുകളുടെ മൾട്ടിഫേസ് വികസനത്തിന്റെ കേന്ദ്രമാണ് ദുബായ് വേൾഡ് സെൻട്രൽ (DWC) എന്നറിയപ്പെടുന്ന അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട്.
എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണൽ (എസിഐ)റിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി തുടർച്ചയായി ഒമ്പതാം വർഷവും നിലനിർത്തിയ ബഹുമതി ദുബായ് ഇന്റർനാഷണൽ (ഡിഎക്സ്ബി) വിമാനത്താവളത്തിനാണ്.