മൃഗസംരക്ഷണത്തിന്റേയും വനവത്കരണത്തിന്റേയും ആകര്‍ഷണീയതയും വശ്യതയും ലോകത്തിന് സമ്മാനിക്കുന്ന ദുബായ് സഫാരി പാര്‍ക്കില്‍ പുതിയ സീസണ് തുടക്കം. രണ്ട് മാസത്തെ വേനല്‍ക്കാല അവധിയ്ക്ക് ശേഷം വീണ്ടും സഞ്ചാരികളെ ക്ഷണിക്കുകയാണ് സഫാരി പാര്‍ക്ക്. കാടിനെ അറിഞ്ഞ് വനാന്തരത്തിലൂടെ ഒരുയാത്രാനുഭവം പ്രദാനം ചെയ്യുന്ന അപൂര്‍വ്വ കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ദുബായ് സഫാരി പാര്‍ക്ക്.
മൃഗങ്ങളുടെ സ്വഭാവിക ആവാസ രീതികളും സ്വഭാവ സവിശേഷതകളും മനസ്സിലാക്കാനും അപൂര്‍വ്വ ഇനങ്ങളെ കണ്ടാസ്വദിക്കാനും ദുബായ് നഗരത്തില്‍ മധ്യത്തിലുളള സഫാരി പാര്‍ക്കില്‍ ഒരോ വര്‍ഷവും ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്താറുണ്ട്. പുതിയ സീസണ് ആരംഭിക്കുമ്പോൾ പുതിയ കാഴ്ചകളും സഞ്ചാരികളെ കാത്തിരിക്കുന്നു.
ഏഷ്യ , ആഫ്രിക്ക തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച മൂവായിരത്തിലേറെ മൃഗങ്ങളാണ് സഫാരി പാര്‍ക്കിനെ വെത്യസ്തമാക്കുന്ന ഘടകങ്ങളിലൊന്ന്. 78 ഇനങ്ങളിലായി സംരക്ഷിച്ചുവരുന്നവയില് വംശനാശഭീഷണി നേരിടുന്നവയുമുണ്ട്. നവംബറോടെ കൂടല്‍ മൃഗങ്ങളെയും പാര്ക്കിലേക്കെത്തിക്കും.
ആഫ്രിക്കൻ വില്ലേജ്, എക്സ്പ്ലോറർ വില്ലേജ്, സഫാരി ജേണി, ഏഷ്യൻ വില്ലേജ്, അറേബ്യൻ ഡെസർട്ട് സഫാരി, കിഡ്സ് ഫാം തുടങ്ങി വിവിധ മേഖലകളായാണ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നു. ലോകത്തിലെ ആദ്യത്തെ ഡ്രൈവ് ത്രൂ മുതല പ്രദർശനവും ഇത്തവണയുണ്ട്. മൃഗങ്ങളെ അടുത്തുകാണുന്നതിനൊപ്പം അവയ്ക്കൊപ്പം സെല്‍ഫിയെടുക്കാനും അവരമുണ്ട്.
രാജ്യാന്തര പഠന ഗവേഷണ കേന്ദ്രം എന്ന നിലയിലും ദുബായ് സഫാരി പാര്‍ക്ക് വെത്യസ്തമാണ്. സ്വാഭാവിക ആവാസവ്യവസ്ഥ തോന്നുംവിധം 119 ഏക്കര്‍ വിശാലതയിലാണ് കാഴ്ചകൾ ഒരുക്കിയിരിക്കുന്നത്. രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 വരെയാണ് പാര്‍ക്കില്‍ പ്രവേശനം അനുവദിക്കുക. സഞ്ചാരികൾക്ക് ഓണ്‍ലൈന്‍ ബുക്കിംഗിനും അവസരമുണ്ട്. മുതിർന്നവർക്ക് 50 ദിർഹവും കുട്ടികൾക്ക് 20 ദിർഹവുമാണ് പ്രാഥമിക നിരക്ക്. അഞ്ച് ലക്ഷത്തിലേറെ സന്ദര്‍ശകര്‍ ഈ സീസണില്‍ പാര്‍ക്കിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.