ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000 പേരാണ് പങ്കെടുത്തത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പങ്കെടുത്തവരിൽ 23 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.
പുലർച്ചെ അഞ്ച് മുതൽ 14 വരി പാതകളിലൂടെ പച്ച ജെഴ്‌സിയണിഞ്ഞ് പൊതുജനങ്ങളും ആകാശപാതയിൽ പാരാഗ്ലൈഡറുകളും കുതിച്ചുപാഞ്ഞത് ആവേശക്കാഴ്ചയായിരുന്നു. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷംയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിലായിരുന്നു കായികോത്സവം സംഘടിപ്പിച്ചത്.
5 കിലോമീറ്റർ, 10 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റൂട്ടുകളിലായാണ് പരിപാടി നടന്നത്. ദുബായ് റൺ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സമീപത്തുനിന്ന് ആരംഭിച്ച് ബുർജ് ഖലീഫയും ദുബായ് ഓപ്പറയും കടന്ന് ദുബായ് മാളിനടുത്ത് അവസാനിക്കുന്ന വിധത്തിലായിരുന്നു 5 കിലോമീറ്റർ ഓട്ടം. 10 കിലോമീറ്റർ ഓട്ടം മ്യൂസിയത്തിന് സമീപം ആരംഭിച്ചെങ്കിലും ദുബായ് കനാൽപ്പാലം കടന്ന് ഷെയ്ഖ് സായിദ് റോഡിലൂടെ ഡി.ഐ.എഫ്.സി. ഗേറ്റിന് സമീപം അവസാനിച്ചു.
കഴിഞ്ഞ വർഷം 2,26,000 പേരാണ് ദുബായ് റണ്ണിൽ പങ്കെടുത്തത്. 2017-ലാണ് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി ദുബായ് റൺ ആരംഭിച്ചത്. ആരോഗ്യകരമായ ജീവിതത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കുകയാണ് ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ലക്ഷ്യം.