ദുബായ് ഫിറ്റ്നസ് ചലഞ്ചിനോട് അനുബന്ധിച്ചുളള ദുബായ് റണ്‍ നാളെ. ശൈഖ് സായിദ് റോഡിലും മുഹമ്മദ് ബിന്‍ റാഷിദ് ബൊളിവാര്‍ഡ് റോഡിലുമായാണ് റണ്ണിംഗ് ട്രാക്കുകൾ ക്രമീകരിച്ചിട്ടുളളത്. പുലര്‍ച്ചെ 6.30നാണ് റൈഡ് നടക്കുക. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ദുബായ് റണ്ണില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
ആയിരക്കണക്കിന് ആളുകൾ ദുബായ് റണ്ണിന്റെ ഭാഗമാകുന്നതോടെ റണ്ണിംഗ് ട്രാക്കിന്‍റെ ഭാഗമായായുളള പ്രധാന പാതകൾ അടച്ചിടും. പുലര്‍ച്ചെ നാല് മുതല്‍ 10 മണിവരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
എല്ലാ പ്രായത്തിലുമുളള ആളുകൾക്ക് ദുബായ് റണ്ണില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. അഞ്ച് കിലോമീറ്ററും പത്ത് കിലോമീറ്ററും ദൈർഘ്യമുള്ള രണ്ട് പാതകളാണ് ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങൾ, കാൽനടത്തക്കാർ തുടങ്ങിയവർക്കായാണ് അഞ്ചി കിലോമീറ്ററിന്‍റെ ചെറിയ ട്രാക്ക് തയ്യാറാക്കിയത്. കായികശേഷിയുളളവര്‍ക്കും ഓട്ടക്കാര്‍ക്കുമായാണ് പത്ത് കിലോമീറ്റര്‍ പാത.
ദുബായ് റണ്ണിന് എത്തുന്നവർ സമയക്രമം പാലിക്കണമെന്ന് സംഘാടകര്‍ നിര്‍ദ്ദേശിച്ചു. എന്‍ട്രന്‍സ് ഗേറ്റുകളില്‍ എത്തിച്ചേരേണ്ട സമയം രജിസ്ട്രേഷന്‍ പാസ്സില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലേതിനേക്കാൾ ജനപങ്കാളിത്തമാണ് ഇക്കുറി ദുബായ് ഫിറ്റ്നസ് ചലഞ്ചില്‍ പ്രകടമാകുന്നത്. ഒരുമാസം നീണ്ടു നില്‍ക്കുന്ന ഫിറ്റ്നസ് ചലഞ്ച് പകുതി ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞു.