ദുബായ് എമിറേറ്റിലെ വാണിജ്യ ഗതാഗതസേവനങ്ങൾ സുഗമമാക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കാൻ പുതിയ കരാർ ഒപ്പിട്ടു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) സ്വകാര്യ സ്ഥാപനമായ ട്രക്കർ ടെക്നോളജീസ് ഡിഎംസിസി കമ്പനിയും തമ്മിലാണ് കരാർ ഒപ്പിട്ടത്.
എമിറേറ്റിലെ സ്ഥാപനങ്ങളെയും വ്യക്തികളെയും ആർടിഎയിൽ രജിസ്റ്റർചെയ്ത വാണിജ്യസേവന ദാതാക്കളുമായി ബന്ധിപ്പിക്കാനാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. ചരക്കുഗതാഗതം ഉൾപ്പെടെയുള്ള വിവിധ വാണിജ്യ ഗതാഗതസേവനങ്ങളുടെ വിശദവിവരങ്ങളും പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും.
ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ അബ്ദുള്ള യൂസഫ് അൽ അലിയും ട്രക്കർ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ഗൗരവ് ബിശ്വാസും തമ്മിലാണ് കരാറിൽ ഒപ്പുവച്ചത്.സുസ്ഥിര വാണിജ്യ ഗതാഗതസംവിധാനങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ആർടിഎ നീക്കം. പുതിയ കരാറിലൂടെ പൊതു-സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കാനാകുമെന്നും അതോറിറ്റി പ്രതീക്ഷിക്കുന്നു.
അതേസമയം ആർടിഎയുമായുള്ള പങ്കാളിത്തത്തിൽ അഭിമാനമുണ്ടെന്ന് ഗൗരവ് ബിശ്വാസ് പറഞ്ഞു. വൈവിധ്യമാർന്ന ഗതാഗത ആവശ്യങ്ങൾ നടപ്പാക്കാനായി പൊതുജന സൗഹാർദ പദ്ധതികളാണ് ആർടിഎ നടപ്പാക്കുന്നതെന്നും. ദീർഘവീക്ഷണമുള്ള ദുബായ് നേതൃത്വത്തിന് നന്ദി പറഞ്ഞുകൊണ്ട് ഗൗരവ് ബിശ്വാസ് സൂചിപ്പിച്ചു.